ആക്സിയം 4 ദൗത്യം നാളെ നടന്നില്ലെങ്കിൽ ഇനി നടക്കുക രണ്ടാഴ്ചയ്ക്ക് ശേഷം; കാത്തിരിപ്പ് തുടരുന്നു

ടെക്‌സസ്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആക്സിയം 4 ദൗത്യത്തിനായി കാത്തിരിപ്പ് തുടരുന്നു. വെള്ളിയാഴ്ച വിക്ഷേപണം നടത്താൻ കഠിന പരിശ്രമം ദൗത്യത്തിലെ പങ്കാളികളായ ആക്സിയവും നാസയും സ്പേസ് എക്സും നടത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ശനിയാഴ്ചയ്ക്കുള്ളിൽ വിക്ഷേപണം നടന്നില്ലെങ്കിൽ പിന്നെ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ ദൗത്യ വിക്ഷേപണമുണ്ടാകൂ.

Advertisements

നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം 4. മുപ്പത്തിയൊമ്പതുകാരനായ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി- വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശ ദൗത്യങ്ങളില്‍ പരിചയസമ്പന്നയായ പെഗ്ഗിയാണ് ആക്സിയം 4 ദൗത്യം നയിക്കുക. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്സിയം ദൗത്യം വിക്ഷേപിക്കേണ്ട സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ദ്രവ ഓക്സിജൻ ചോർച്ച കണ്ടെത്തിയതോടെ ദൗത്യം നീട്ടുകയായിരുന്നു. ലിക്വിഡ് ഓക്സിജൻ ചോർച്ച പരിഹരിക്കാന്‍ ഇനിയും സമയം ആവശ്യമെന്നാണ് സ്പേസ് എക്സും ആക്സിയം സ്പേസും പറയുന്നത്. 

നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ആക്സിയം 4 ബഹിരാകാശ ദൗത്യത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. സ്പേസ് എക്സിന്‍റെ തന്നെ ഡ്രാഗണ്‍ പേടകത്തിലാണ് ആക്സിയം 4 ദൗത്യ സംഘം യാത്ര ചെയ്യുക. 

ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍. 1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തും.

ആക്സിയം 4 ദൗത്യസംഘത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഏറ്റവും പ്രധാനം. അതുവരെ കാത്തിരിക്കേണ്ടി വരുമെന്നും ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ ഫ്ലോറിഡയിൽ പറഞ്ഞു. ‘വിക്ഷേപണ തീയതിക്കല്ല പ്രാധാന്യം, ദൗത്യത്തിന്റെ വിജയമാണ് ലക്ഷ്യം. ഇപ്പോൾ പ്രശ്നം ഫാൽക്കൺ 9 റോക്കറ്റിലെ സാങ്കേതിക പ്രശ്നമാണ്. റോക്കറ്റിൽ ദ്രവീകൃത ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിയത്. 

ആക്സിയവും സ്പേസ് എക്സുമായി നിരന്തര സമ്പർക്കത്തിലാണെന്നും’ ഇസ്രൊ ചെയർമാൻ വിശദമാക്കി. ദൗത്യം വിക്ഷേപിക്കാമെന്ന പ്രതീക്ഷയില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റും ഡ്രാഗണ്‍ പേടകവും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39എ ലോഞ്ച്‌പാഡില്‍ തുടരുകയാണ്. 

Hot Topics

Related Articles