ആഗോള അയ്യപ്പസംഗമത്തെ ഭക്തർ ഇരുകൈയും നീട്ടി സ്വീകരിച്ചു : ഇതോടെ ശബരിമല ലോക പ്രശസ്തമാകും ; കോടികൾ ഒഴുകും : അയ്യപ്പ സംഗമത്തെപ്പറ്റി വെള്ളാപ്പള്ളി

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ച്‌ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ശനിയാഴ്ച വെള്ളാപ്പള്ളിയെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. ആഗോള അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി പൂർണപിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു.

Advertisements

ആഗോള അയ്യപ്പസംഗമത്തെ ഭക്തർ ഇരുകൈയും നീട്ടി സ്വീകരിച്ചതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പസംഗമത്തോടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാനസാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പസംഗമത്തിന് ബദല്‍സംഗമം ശരിയല്ല. അയ്യപ്പസംഗമത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. അങ്ങനെ പറയുന്നവർ കാടടച്ച്‌ വെടിവെയ്ക്കുകയാണ്. വിവാദങ്ങള്‍ മാറ്റിവെയ്ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”ഈ സംഗമം നടക്കുന്നതോട് കൂടി ശബരിമല ലോകപ്രശസ്തമാകും. കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഭക്തർവരുന്നത്. വടക്കേ ഇന്ത്യയില്‍നിന്നും കുറച്ചുപേർ വരും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുതന്നെ ഇന്ന് അയ്യപ്പനെ അറിയാം. ലോകമാകെ അയ്യപ്പഭക്തരുമുണ്ട്. അയ്യപ്പന്റെ ഭക്തിയും അയ്യപ്പന്റെ പ്രസക്തിയുമെല്ലാം കൂടുതല്‍ വർധിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് എന്തുമാത്രം ഭക്തർവരും. കേരളത്തിലേക്കെന്നല്ല ഇന്ത്യയിലേക്ക് തന്നെ വിദേശപണമൊഴുകാൻ തുടങ്ങും. എത്രയോ വണ്ടികളാണ് വരുന്നത്. അതിന്റെ ടാക്സ് മുഴുവൻ ഇന്ത്യാഗവണ്‍മെന്റിന് കിട്ടും. പെട്രോള്‍ അടിക്കുമ്ബോള്‍ പെട്രോളില്‍നിന്നും ടാക്സ് കിട്ടും. ഭക്തർ ഉപയോഗിക്കുന്ന മുണ്ട്, തോർത്ത്, സാമ്ബ്രാണി, മാല, കർപ്പൂരം എന്നിവ കൊണ്ടെല്ലാം തൊഴിലെടുത്ത് ജീവിക്കുന്ന ആളുകള്‍ക്കെല്ലാം എന്തുമാത്രം വരുമാനമാണ് ഉണ്ടാകാൻ പോകുന്നത്.

കേരളത്തിനും സർക്കാരിനും ദേവസ്വം ബോർഡിനും ഒരുപാട് സമ്ബത്ത് ലഭിക്കാൻ പോകുന്ന ബൃഹത്തായ സംരംഭമാണിത്. ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പോകാനും പ്രാർഥിക്കാനും കഴിയുന്ന ഒരുപക്ഷേ, ഇന്ത്യയിലെ ഏകക്ഷേത്രം ശബരിമലയാണ്. അതില്‍ കക്ഷിരാഷ്ട്രീയം പറഞ്ഞ്, പിണറായിയെ പറഞ്ഞ്, സ്ത്രീപ്രശ്നം പറഞ്ഞ് സമയം കളയേണ്ടതല്ല, അതിനോട് സഹകരിച്ച്‌ അയ്യപ്പനോടുള്ള ഭക്തിയോടുകൂടി പ്രവർത്തിച്ച്‌ അതിനെ കൂടുതല്‍ സമ്ബുഷ്ടമാക്കാൻ ശ്രമിക്കേണ്ടതാണ് എല്ലാ രാഷ്ട്രീയക്കാരുടെയും ഭക്തരുടെയും ചുമതല. അതിന് തിരിഞ്ഞുനിന്ന് കുത്താൻ ശ്രമിക്കുന്നവർ സ്വയം കുത്ത് അനുഭവിക്കേണ്ടിവരുമെന്നല്ലാതെ ഈ സംരംഭത്തിന് യാതൊരു കുറവും വരാതെ ഭക്തജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ഇനി ചർച്ചകളിലേക്ക് വരൂ. നിർദേശങ്ങളും അഭിപ്രായങ്ങളും അവിടെ പറയൂ. അത് അവർ കേള്‍ക്കും. പ്രായോഗികമായിട്ടുള്ളത് സ്വീകരിക്കും. അതിനെല്ലാവരും സഹകരിക്കുക. അവിടെയും ഇവിടെയും ഇരുന്ന് പത്രപ്രസ്താവന ഇറക്കിയിട്ട് കാര്യമുണ്ടോ. ബിജെപിക്കാർ എതിർക്കുമെന്ന് പറഞ്ഞിട്ടില്ല, അവർ വരില്ലെന്നും പറഞ്ഞിട്ടില്ല. നിസ്സഹകരിക്കുമെന്നും പറഞ്ഞിട്ടില്ല. കുമ്മനം പറഞ്ഞത് ഞാൻ കേട്ടതാണ്. ഞങ്ങളാരും പോകരുതെന്നോ നിസ്സഹകരിക്കരുതെന്നോ പറയുന്നില്ലെന്ന് കുമ്മനം തന്നെ പറഞ്ഞിട്ടുണ്ട്.

ബദല്‍ സംഗമം ശരിയല്ല. ശബരില കേസുകളില്‍പ്പെട്ടുപ്പോയ ഒരുപാട് നിരപരാധികളുണ്ട്. ആ കേസുകള്‍ പിൻവലിക്കണം. അതുകൊണ്ട് ഈ ഉദ്ദ്യമത്തെ എതിർക്കുന്നതാണോ ശരി? അത് ഒരു ആവശ്യമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് പറയുകയുംചെയ്യും. സിപിഎമ്മിനോട് കടുത്ത എതിർപ്പുണ്ടായ സമയത്തല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ അല്ലേ 99 സീറ്റില്‍ വിജയിച്ച്‌ പിണറായി പിന്നെയും മുഖ്യമന്ത്രിയായത്. അവർ കാടടച്ച്‌ വെടിവെയ്ക്കുകയാണ്. മനുഷ്യന്റെ ബുദ്ധിയെ ചൂഷണംചെയ്യരുത്”, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Hot Topics

Related Articles