രാമപുരം: സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷ വേളയിൽ മഴത്തുള്ളികളുടെയും സംഗീതത്താളങ്ങളുടെയും മനോഹര കൂട്ടായ്മ, രാമപുരം ഗ്രാമപഞ്ചായത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈൻഡ് ആൻഡ് കെയർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച ബാൻഡ് പ്രകടനമാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് പുതുമ നൽകിയത്.


ജില്ലയിൽ ആദ്യമായി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ചേർന്ന് രൂപീകരിച്ച ബാൻഡ് ടീമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കുടുംബശ്രീ ജില്ലാ മിഷന്റെ സാമ്പത്തിക പിന്തുണയോടെ, ബാൻഡ് അധ്യാപകൻ ശ്രീ കെ. ടി. സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിലാണ് സംഘം പരിശീലനം നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ ബാൻഡ് സ്റ്റിക്ക് ബാൻഡ് ലീഡറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സിഡിഎസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭിച്ച ഫണ്ടിന്റെ സഹായത്തോടെ, സംഗീതോപകരണങ്ങൾ, യൂണിഫോമുകൾ, അനുബന്ധ സാമഗ്രികൾ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റി. രാമപുരം കൈൻഡ് ആൻഡ് കെയർ ബിആർസി സെന്ററിലെ 15 കുട്ടികളാണ് ബാൻഡ് അംഗങ്ങൾ.
ചടങ്ങിനിടെ ശക്തമായ മഴ പെയ്തിരുന്നിട്ടും, കുട്ടികളുടെ ആവേശവും ആത്മവിശ്വാസവും മങ്ങിയില്ല. മഴത്തുള്ളികളോടൊപ്പം മുഴങ്ങിയ സംഗീതം, ചടങ്ങിൽ പങ്കെടുത്ത എല്ലാവരുടെയും ഹൃദയത്തിൽ മനോഹരമായ ഓർമ്മയായി പതിഞ്ഞു.
ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് തൊഴിൽപരമായ കഴിവുകൾ വളർത്തുകയും, ഭാവിയിൽ സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിൽ മേഖലകളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം.
രാമപുരം ഗ്രാമപഞ്ചായത്തിന കീഴിലുള്ള ബഡ്സ് സ്കൂളിൽ ഇപ്പോൾ 29 കുട്ടികളാണ് പഠിക്കുന്നത്. ഇവരിൽ നിന്നും കഴിവുള്ള 15 കുട്ടികളെ തെരഞ്ഞെടുത്ത്, ജൂൺ 17 മുതൽ പരിശീലനം ആരംഭിച്ചു. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ പരിശീലകൻ ശ്രീ കെ. ടി. സെബാസ്റ്റ്യൻ സാറിന് സാധിച്ചു.
ബാൻഡ് പരിശീലനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 29 കുട്ടികൾക്കും അടിസ്ഥാനപരമായ പരിശീലനം നൽകി. തുടർന്ന്, മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ തെരഞ്ഞെടുത്താണ് ഇപ്പോഴത്തെ ടീമിനെ രൂപീകരിച്ചത്.