ബംഗളൂരു: കോട്ടയത്ത് ആപ്പിൾ ട്രീ തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനെയും പാർട്ണറെയും ബംഗലൂരുവിലെ ഐടി കമ്പനിയിൽ കയറി വെട്ടിക്കൊന്നു. ബംഗലൂരു ഐടി കമ്പനിയിലെ സിഇഒയെയും, മാനേജിംങ് ഡയറക്ടറെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെടത്തിൽ പനച്ചിക്കാട് സ്വദേശി മുൻപ് കോട്ടയത്ത് ആപ്പിൾ ട്രീ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട ആളാണെന്നു പൊലീസ് പറഞ്ഞു.
പനച്ചിക്കാട് പതിനഞ്ചാം വാർഡ് കുഴിമറ്റം സദനം സ്കൂളിനു സമീപം രുക്മിണിയിൽ (അത്തിത്താനം) വീട്ടിൽ വിനുകുമാർ ആർ(48), ഇദ്ദേഹത്തിന്റെ പാർട്ണർ പരീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനുകുമാർ കമ്പനിയുടെ സിഇഒയും, പരീന്ദ്ര സുബ്രഹ്മണ്യ മാനേജിംങ് പാർട്ണറുമാണെന്നു പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരും എയ്റോണോക്സ് എന്ന ഇന്റർനെറ്റ് കമ്പനിയുടെ ഉടമകളാണ്. ഇരുവരുടെയും ഓഫിസിൽ അതിക്രമിച്ചു കയറിയ അക്രമി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കയ്യിൽ കത്തിയുമായി ഓഫിസിനുള്ളിൽ കയറിയെത്തിയ പ്രതി രണ്ടു പേരെയും, വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന്, രണ്ടു പേരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു.
പ്രതിയായ ഫെലിക്സിനു വേണ്ടി അന്വേഷണം ആരംഭിച്ചതായി ബംഗളൂരു നേർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് ജാഗ്രതാ ന്യൂസ് ലൈവ് പ്രതിനിധിയോടു പറഞ്ഞു. കൊലപാതകിയായ ഫെലിക്സ് മലയാളിയാണ് എന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതി സമാന രീതിയിലുള്ള കമ്പനി നടത്തിയിരുന്ന ആളായിരുന്നു. ഇയാളുടെ ബിസിനസിന് എതിരെ വിനുകുമാറും സുഹൃത്തുക്കളും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടന്നതെന്നു സംശയിക്കുന്നു.
സോളാർ കേസിന്റെ സമയത്ത് കോട്ടയം പ്ലാന്റേഷൻ കോർപ്പറേഷനു സമീപം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ആപ്പിൾ ട്രി ചിട്ടിയുടെ മുൻ പാർട്ണറായിരുന്നു വിനുകുമാർ. ഇയാൾ കമ്പനി പൊട്ടിയപ്പോൾ കേസിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ ബംഗളൂരുവിലേയ്ക്കു സ്ഥലം വിട്ടത്. നിലവിൽ ഇദ്ദേഹത്തിന്റെ മാതാവ് മാത്രമാണ് പനച്ചിക്കാട് വീട്ടിലുള്ളത്. ഭാര്യയും കുട്ടികളും ബംഗളൂരുവിൽ ഇദ്ദേഹത്തിന് ഒപ്പമാണ് എന്നും പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി.