പൂനെ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ആത്മഹത്യ ചെയ്തു. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്.ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ ശിവശങ്കർ മിത്ര (52) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കി. ബാങ്ക് ജോലി സമ്മർദ്ദം മൂലമാണ് താൻ ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് മിത്ര പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയില്‍ ചീഫ് മാനേജരായി മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11 ന് രാജി സമർപ്പിച്ചു. നോട്ടീസ് പിരിയഡിലിരിക്കെയാണ് മരണം. ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം സഹപ്രവർത്തകരെയോ മേലുദ്യോഗസ്ഥരെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ അധിക ജോലി സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്ക് ജീവനക്കാരെല്ലാം നന്നായി ജോലി ചെയ്യുന്നുണ്ടെന്ന് ബാങ്ക് അവരുടെ മേല്‍ ഒരു തരത്തിലുള്ള ജോലി സമ്മർദ്ദവും ചെലുത്തരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയോടും മകളോടും ജീവിതം അവസാനിപ്പിച്ചതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും സാധ്യമെങ്കില്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്ബറുകളില്‍ വിളിക്കാം 1056, 0471- 2552056)