കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രാ വടകര ബ്രാഞ്ചിൽനിന്ന് 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ലക്ഷ്യംവെച്ചത് കൂടുതൽ സ്വർണം പണയം വെച്ച അക്കൗണ്ടുകളാണെന്നാണ് വിവരം. 40 പവനിൽ കൂടുതൽ സ്വർണം പണയംവെച്ച അക്കൗണ്ടുകൾ ലക്ഷ്യമാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതിൽനിന്ന് സ്വർണം തട്ടിയെടുത്ത് പകരം മുക്കുപണ്ടം വെയ്ക്കുകയായിരുന്നു.
42 ഇടപാടുകളിലായുള്ള സ്വർണമാണ് ബാങ്കിൽ നിന്നും നഷ്ടമായത്. തട്ടിപ്പിന് ഇരയായവരിൽ വൻകിട ഇടപാടുകാരും ബിസിനസുകാരുമുണ്ട്. സ്വർണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകിയില്ലെന്നാണ് വിവരം. തട്ടിപ്പിനെക്കുറിച്ച് ബാങ്കും പോലീസും അന്വേഷണം തുടരുകയാണ്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ ശാഖയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്‌നാട് മേട്ടുപാളയം സ്വദേശിയായ മധു ജയകുമാർ ആയിരുന്നു ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാർജെടുത്ത മാനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പ് നടത്താൻ മധുജയകുമാറിന് ബാങ്കിലെ മറ്റു ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. മറ്റ് ജീവനക്കാരേയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു.