ഭോപ്പാൽ: അനധികൃതമായി ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് റെയ്ഡ് നടന്ന സ്ഥലത്തെ 11 വീടുകള്‍ ഇടിച്ചുനിരത്തി.മദ്ധ്യപ്രദേശിലെ മണ്ഡലയിലാണ് സംഭവം. സർക്കാർ ഭൂമി അനധികൃതമായി കൈയേറി നിർമ്മിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി. നയ്ൻപുരിലെ ഭൈൻവാഹിയില്‍ കശാപ്പിനായി പശുക്കളെ പാർപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് 150 പശുക്കളെ കണ്ടെത്തി. വീടുകളില്‍ നിന്ന് മാംസം കണ്ടെത്തുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. 11 പ്രതികളുടെയും വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പശു മാംസം പിടിച്ചെടുത്തിട്ടുണ്ട്. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ തൊലി, എല്ലുകള്‍ എന്നിവ മുറിയില്‍ കൂട്ടിയിട്ടതായും കണ്ടെത്തി. പിടിച്ചെടുത്ത മാംസം ബീഫാണെന്ന് സർക്കാർ മൃഗഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡി എൻ എ പരിശോധനക്കായി സാമ്ബിളുകള്‍ ഹൈദരാബാദിലേക്ക് അയച്ചു. നിലവില്‍ 22 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഭെെൻവാഹി പ്രദേശത്ത് കുറച്ച് നാളുകളായി പശുക്കടത്തല്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.
സർക്കാർ ഭൂമിയില്‍ നിർമിച്ച വീടുകളാണ് പൊളിച്ചുനീക്കിയതെന്ന് മണ്ഡല എസ് പി രജത് സക്ലേച്ച അറിയിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് മദ്ധ്യ പ്രദേശില്‍ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. രത്‌നം ജില്ലയിലെ ജോറ പട്ടണത്തില്‍ ക്ഷേത്രപരിസരത്ത് മാംസം കണ്ടെത്തിയതിനെത്തുടർന്ന് സംഘർഷാവസ്ഥയുണ്ടായിരുന്നു.