തിരുവല്ല : അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്തും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതൽ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക. ഇതിനായി ഭൗതിക ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തീയതി നാളെ തീരുമാനിക്കും. ഭൗതിക ശരീരം വിട്ടുകിട്ടാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും അമേരിക്കൻ അധികൃതരുമായി നടപടികൾ തുടങ്ങിയെന്ന് സിനഡ് അറിയിച്ചു.
പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കുന്നത് വരെ താത്കാലിക ഭരണ ചുമതല ഒൻപത് അംഗ ബിഷപ്പ് കൗൺസിലിന് സിനഡ് കൈമാറി. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്കോപ്പ ഈ ബിഷപ്പ് കൗൺസിലിനെ നയിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെത്രാപ്പൊലീത്തയുടെ അപ്രതീക്ഷ വേർപാടിന്റെ ദുഃഖത്തിലാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം അമേരിക്കയിലെ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ടെക്സാസിലെ ഗോസ്പൽ ഫോർ ഏഷ്യ ആസ്ഥാനത്തിന് പുറത്തെ ഗ്രാമീണറോഡിൽ പ്രഭാത നടത്തിന് ഇറങ്ങിയപ്പോഴാണ് മെത്രാപ്പൊലീത്തയെ വാഹനം ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ് അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് സഭ പ്രതികരിച്ചു. മെത്രാപ്പൊലീത്തയുടെ ഭാര്യ ഗിസല്ലയും മക്കളായ ഡാനിയേൽ, സാറ എന്നിവരും അമേരിക്കയിൽ തന്നെയുണ്ട്.