ബീഹാറിലെ ഗ്രാമീണമേഖലകളിൽ വൈദ്യസേവനമെത്തിക്കാൻ കാട്ടിഹാറിൽ മൊബൈൽ മെഡിക്കൽ സർവീസ് തുടങ്ങി ആസ്റ്റർ വോളന്റിയേഴ്‌സ്

കൊച്ചി : ഫോക്കസ് ഇന്ത്യ, ഐ.ഐ.എഫ്.എൽ സമസ്‌ത എന്നിവരുമായി സഹകരിച്ചാണ് കൊച്ചിയിലെ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ മൊബൈൽ മെഡിക്കൽ യൂണിറ്റിന് തുടക്കമിട്ടിരിക്കുന്നത്. സമഗ്രമായ പരിശോധനകൾക്കും സൗജന്യ വൈദ്യസഹായത്തിനും ടെലിമെഡിസിൻ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ സജ്ജം. സമീപത്ത് ആശുപത്രികളില്ലാത്ത പ്രദേശങ്ങളിൽ എളുപ്പത്തിലും കുറഞ്ഞ നിരക്കിലും കൃത്യസമയത്തും വൈദ്യസഹായമെത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന വാഹനം. ഒറ്റപ്പെട്ട, ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക് ഉപകാരപ്പെടും. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ആസ്റ്റർ വോളണ്ടീയേഴ്സിന്റെ ശൃംഖലയിൽ പ്രവർത്തിക്കുന്നത് 40ലേറെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വൈദ്യസഹായം നൽകിയത് 14 ലക്ഷത്തിലേറെപ്പേർക്ക്. *കൊച്ചി, ഒക്ടോബർ 16, 2024:* ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള കോർപ്പറേറ്റ് സാമൂഹികപ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ്, ബിഹാറിലെ കാട്ടിഹാറിൽ മൊബൈൽ മെഡിക്കൽ സേവനങ്ങൾക്ക് തുടക്കമിട്ടു. ഗ്രാമീണമേഖലകളിൽ വൈദ്യസഹായമെത്തിക്കുകയാണ് ലക്‌ഷ്യം. പാവപ്പെട്ട ജനവിഭാഗങ്ങളുടെ അരികിലേക്ക് നേരിട്ടെത്തി ആവശ്യമായ ചികിത്സ നൽകുന്നതിനാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.ഫോക്കസ് ഇന്ത്യ, ഐ.ഐ.എഫ്.എൽ സമസ്‌ത എന്നിവരുമായി സഹകരിച്ച് കൊച്ചിയിലെ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അവതരിപ്പിച്ച മൊബൈൽ യൂണിറ്റിൽ ടെലിമെഡിസിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിശദമായ പരിശോധനകൾ നടത്താനും വൈദ്യസഹായത്തിനുമുള്ള സൗകര്യങ്ങൾ ഇതിലുണ്ട്. പ്രാഥമിക ശുശ്രൂഷയുൾപ്പെടെ അത്യാവശ്യ ചികിത്സ ആവശ്യമുള്ളവരുടെ അരികിലേക്ക് നേരിട്ടെത്തി സേവനങ്ങൾ ലഭ്യമാക്കും. കാട്ടിഹാറിലെ മൻസാഹിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി തുടങ്ങുന്നത്. അധികം വൈകാതെ ബരാരി, കോർഹ, ഹസൻഗഞ്ച്, മൻഹാരി, അംദാബാദ് എന്നീ ബ്ലോക്കുകളിലേക്കും സേവനങ്ങൾ ലഭ്യമാക്കും. ഒരുവർഷത്തിനുള്ളിൽ 15,000 ഗുണഭോക്താക്കൾക്ക് സേവനം ലഭ്യമാക്കും.വിദൂരമേഖലകളിൽ ആശുപത്രികളിൽ നിന്നകലെ താമസിക്കുന്നവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സവിശേഷ പദ്ധതിയാണ് ആസ്റ്റർ വോളന്റിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസസ് അഥവാ എ.വി.എം.എം.എസ്. ഗ്രാമങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഏഴ് വർഷം മുൻപ് പദ്ധതി ആരംഭിച്ച ശേഷം, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമായി 14 ലക്ഷത്തിലേറെപ്പേർക്ക് അവശ്യവൈദ്യസേവനങ്ങൾ എത്തിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള നാല്പതോളം യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കും ഉടൻ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വൈദ്യസഹായം ആവശ്യമുള്ളവർക്കെല്ലാം അത് ലഭ്യമാക്കുന്നതിനുള്ള തീവ്രപരിശ്രമം തുടരുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറെന്ന് സ്ഥാപകചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആ ദൃഢനിശ്ചയത്തിന്റെ ഒരു ഭാഗമാണ് ആസ്റ്റർ വോളന്റിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസസ്. ആധുനിക സാങ്കേതിവിദ്യയും സുസ്ഥിരനയങ്ങളും പ്രയോജനപ്പെടുത്തി, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ആരോഗ്യസംവിധാനങ്ങളും ചികിത്സയും ലഭ്യമാക്കുകയാണ് ലക്‌ഷ്യം. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിൽ വൈദ്യസഹായം ലഭ്യമാകണം എന്നത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം സാധ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ മൊബൈൽ യൂണിറ്റുകളെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ യൂണിറ്റുകളിലൂടെ ചികിത്സ നൽകുന്നതിൽ മികച്ച പ്രകടനമാണ് ആസ്റ്റർ വോളന്റിയേഴ്‌സ് കാഴ്ചവെച്ചിട്ടുള്ളത്. എന്നുമാത്രമല്ല, കൂടുതൽ പ്രദേശങ്ങളിലേക്ക് ദിനംപ്രതി സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തുവരുന്നു. ആവശ്യത്തിന് സേവനങ്ങൾ ലഭ്യമല്ലാത്ത ഇന്ത്യയിലെ വിദൂരമേഖലകളിലാണ് പ്രവർത്തനങ്ങളിൽ അധികവും.

Advertisements

Hot Topics

Related Articles