ഗാന്ധിനഗർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൈപ്പുഴ കുന്നത്തേൽ പറമ്പിൽ അനന്ദു. കെ . ഷാജി (27) ആണ് ഇന്ന് മെഡിക്കൽ കോളജ് ആശുപത്രി ട്രോമ കെയർ യൂണിറ്റിൽ മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. ഇനി കടുത്തുരുത്തി പോലീസെത്തി ഇൻക്വസ്റ്റ് തയറാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഒരു മാസം മുമ്പ് അനന്ദവും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലറ കൈതക്കനാൽ റോഡിൽ മുടക്കാലി പാലത്തിനും കല്ലറ ജംഗ്ഷനും ഇടയ്ക്ക് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മൂവരേയും ഓടിക്കുടിയവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈക്ക് ഓടിച്ചിരുന്ന കൈപ്പുഴ സ്വദേശിയായ യുവാവ് അന്ന് മരണപ്പെട്ടിരുന്നു. എന്നാൽ ബൈക്കിന്റെ പുറകിലിരുന്ന അനന്ദു ബൈക്കിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേതുടർന്ന് അടിയന്തര ഓപറേഷന് വിധേയമാക്കുകയും ട്രോമ കെയർ യൂണിറ്റിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഒരു മാസക്കാലമായി ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയ്ക്ക് മുമ്പ് മരണം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കേൽക്കാതെ രക്ഷപെട്ടു. സംസ്കാരം നാളെ . ഷാജിയാണ് അനന്ദുവിന്റെ പിതാവ്. മതാവ്: സിന്ധു . സഹോദരി :കമലു .