കോട്ടയം: രൂപവും ഭാവവും മാറ്റി റോഡിൽ സ്റ്റണ്ടിംങ് നടത്തി യാത്രക്കാരുടെ ജീവന് വെല്ലുവിളി ഉയർത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നു പിടിച്ചെടുത്തു. റോഡിൽ സ്റ്റണ്ടിംങ് നടത്തിയ വീഡിയോ സഹിതം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും യുവാക്കൾ പോസ്റ്റ് ചെയ്തതോടെയാണ് വാഹനങ്ങളുടെ സമ്പർ സഹിതം മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചത്. ഇതേ തുടർന്നാണ് നാലു ബൈക്കുകൾ പിടിച്ചെടുത്തത്. വില്ലൂന്നി, മള്ളൂശേരി, പെരുമ്പായിക്കാട്, അയർക്കുന്നം സ്വദേശികളുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഈ വാഹനം ഓടിച്ച ഡ്രൈവർമാരോട് തെള്ളകത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിൽ ലൈസൻസുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നാലു ബൈക്കുകളിൽ നിന്നുമായി 65000 രൂപയും പിഴയായി ഈടാക്കി.
ബൈക്കുകൾക്ക് രൂപമാറ്റം വരുത്തിയ ശേഷം ഈ യുവാക്കളുടെ സംഘം റോഡിൽ സ്റ്റണ്ടിംങ് നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കളുടെ ബൈക്കുകളുടെ നമ്പർ സഹിതമുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഗാന്ധിനഗർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആശാകുമാറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ പി.കെ സെബാസ്റ്റ്യൻ, ജോർജ് വർഗീസ്, എസ്.സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് നാലു വാഹനങ്ങൾ പിടിച്ചെടുത്തത്. 18000 രൂപ, രണ്ടു വാഹനങ്ങളിൽ നിന്നും 21000 രൂപ , 5000 രൂപ എന്നിങ്ങനെയാണ് വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കിയത്. ഗാന്ധിനഗർ എസ്ഐയുടെ നേതൃത്വത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.
പരിശോധനയിൽ പിടിച്ചെടുത്ത ബൈക്കുകളുടെ ഉടമകളോട് തെള്ളകത്തെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫിസിൽ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉടമകളുടെ ലൈസൻസ് റദ്ദാക്കികയേക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.