പനച്ചിക്കാട് : അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗങ്ങളെക്കൊണ്ട് താമരയിൽ വിജയിച്ച ബി ജെ പി ക്കാർക്ക് വോട്ടുചെയ്യിച്ച പാരമ്പര്യമാണ് സി പി എമ്മിന് പനച്ചിക്കാട്ട് ഉള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ എൽ ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സി പി എം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയാണ് ബി ജെ പി മുന്നണിക്ക് അനുകൂലമായി വോട്ടുചെയ്തത്. സ്ഥിരസമിതികളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അകറ്റി നിർത്തുന്നതിനു വേണ്ടി സി പി എം അംഗങ്ങൾ ബി ജെ പി യുമായി കൂട്ടുകൂടിയത് വൻ രാഷ്ട്രീയ വിവാദമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി ജെ പി ക്ക് വോട്ടു മറിച്ചിട്ടും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനം കോൺഗ്രസിന് ലഭിച്ചത് സി പി എമ്മിന് നാണക്കേടുമായി. ഡി വൈ എഫ് ഐ യുടെ കൊല്ലാട് മേഖലാ ഭാരവാഹിയും പഞ്ചായത്തംഗവുമായിരുന്ന യുവജന നേതാവും താമരത്തണ്ടിൽ പിടിച്ചവരിൽ ഉൾപ്പെട്ടതാണെന്ന് ഡി വൈ എഫ് ഐ യുടെ പുതിയ ഭാരവാഹികളും ഓർക്കുന്നത് നല്ലതാണെന്ന് കോൺഗ്രസ് പറയുന്നു. അന്ന് ബി ജെ പി മുന്നണിക്ക് വോട്ടുചെയ്ത രണ്ടു പേരെയാണ് പിന്നീട് നടന്ന പാർട്ടി സമ്മേളനങ്ങളിൽ പനച്ചിക്കാട്ടെയും കൊല്ലാട്ടെയും ലോക്കൽ സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുവന്നത്. അവർക്കെല്ലാം സ്ഥാനക്കയറ്റം നൽകിയതല്ലാതെ ഇന്നുവരെ നടപടിയെടുത്തതായി പ്രഖ്യാപിക്കാത്ത സി പി എം ആണ് സ്കൂളിൽ പ്രധാനാദ്ധ്യാപിക ക്ഷണിച്ചതനുസരിച്ച് യോഗാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുവാൻ പോയ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ കുറ്റപ്പെടുത്തുന്നതെന്ന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ആരോപിച്ചു.
2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15-ാം വാർഡിലും (കുഴിമറ്റം) 16-ാം വാർഡിലും (ഹൈസ്കൂൾ ) ബി ജെ പിക്ക് വേണ്ടി മത്സരിച്ചവരും പ്രചരണത്തിന് ഇറങ്ങിയവരും പ്രാദേശിക സി പി എം നേതാക്കളായിരുന്നു എന്നതും അവരിപ്പോഴും സി പി എം തുടരുന്നുവെന്നതും പനച്ചിക്കാട്ടെ സി പി എം നേതൃത്യം മറന്നാലും ജനങ്ങൾ മറക്കില്ലെന്നും റോയി മാത്യു പറഞ്ഞു.