കോട്ടയം: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിലും അനിയന്ത്രിതമായ വ്യാപനത്തിനുമെതിരെ പൊതുസമൂഹത്തെ ഉണർത്താൻ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ ബികെഎംയു-എഐടിയുസി നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി. അടിമത്തമാണ് ലഹരി, ലഹരി വ്യാപനത്തിനെതിരെ ബികെഎംയു എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായ പ്രചരണ പ്രവർത്തനമാണ് ബികെഎംയു നടത്തുന്നത്. കോട്ടയത്തു നടന്ന ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകളെ ചെറുക്കാനും വിദ്യാർത്ഥികളുൾപ്പടെയുള്ള പുതുതലമുറയെ ചതിക്കുഴികളിൽനിന്നും മോചിപ്പിക്കാനും സമൂഹമൊന്നാകെ ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അയിത്തത്തിനുമെതിരെ നവോത്ഥാന മൂല്യങ്ങളുയർത്തി പൊരുതി മുന്നേറിയ കേരളത്തിന് ലഹരി വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തിൽനിന്നും കേരളത്തെ മോചിപ്പിക്കാൻ എല്ലാതലങ്ങളിലും യോജിപ്പ് രൂപപ്പെടുത്തണം.
ബികെഎംയു ജില്ലാ പ്രസിഡന്റ് ബിജു ടി ബി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജോൺ വി ജോസഫ്, എഐഡിആർഎം ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ്, പ്രസിഡന്റ് സുരേഷ് കെ ഗോപാൽ, പി എസ് പുഷ്കരൻ എന്നിവർ പ്രസംഗിച്ചു.