വാകത്താനം: ജീവന്റെ വിലയും, ജീവരക്തത്തിന്റെ മഹത്വവും രക്തത്തിലലിഞ്ഞു ചേർന്ന വാകത്താനം സ്വദേശി.. സവിൻ സന്തോഷ് എന്ന ചെറുപ്പക്കാരനെ വിശേഷിപ്പിക്കാൻ ഇതിലും വലിയൊരു വാക്കില്ല. രക്തത്തിന്റെ വിലയറിയുന്ന അടിയന്തര ആവശ്യവുമായി രക്തത്തിന് ബന്ധപ്പെട്ടാലും ജീവൻ നൽകി രക്തം നൽകുന്ന മാതൃകയാക്കാവുന്ന ചെറുപ്പക്കാരൻ..! വാകത്താനം പുത്തൻചന്ത പൂവത്തുമ്മൂട്ടിൽ സവിൻ സന്തോഷിന്റെ സന്തോഷവും ഇത് തന്നെയാണ്. പ്രായം 25 മാത്രമേയുള്ളെങ്കിലും, രക്തത്തിന്റെ വിലയെന്തെന്നു തന്റെ പ്രവർത്തിയിലൂടെ തന്നെ സവിൻ തെളിയിച്ചു കഴിഞ്ഞു.
ഇതിനോടകം തന്നെ പരിചയമുള്ളവരും അല്ലാത്തവരുമായ പതിനായിരങ്ങളെയാണ് സവിൻ രക്തമെത്തിച്ചു നൽകി ജീവൻ കാതത്ത്. കെ.എസ്.യു മണ്ഡലം പ്രസിഡന്റും പൊതുപ്രവർത്തകനുമായ സവിൻ സന്തോഷ്, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മാത്രമാണ് ആദ്യം രക്തദാനത്തെയും കണ്ടത്. സ്വന്തം രക്തം ദാനം ചെയ്തു പ്രവർത്തനങ്ങൾ ആരംഭിച്ച സവിന്റെ ജീവിത പാത തന്നെ മാറ്റിമറിച്ചത് രക്തം ആവശ്യപ്പെട്ടു വിളിക്കുന്ന സാധാരണക്കാരുടെ നെഞ്ചിടിപ്പിന്റെ ശബ്ദം തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം സ്വയം രക്തം ദാനം ചെയ്തിരുന്ന സവിനെ തേടി പിന്നീട് സുഹൃത്തുക്കളും നാട്ടുകാരും അടക്കമുള്ളവർ രക്തത്തിനായി വിളിച്ചുകൊണ്ടിരുന്നു. ഓരോ കോളിലും ഓരോ ജീവിതമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് സവിൻ രക്തം കണ്ടെത്തുന്നതിനായും, ആളുകൾക്ക് എത്തിച്ചു നൽകുന്നതിനായും തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാറ്റിവച്ചത്. കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആൽക്കോൺ എൻജിനീയറിംങ് ആന്റ് കൺസ്ട്രക്ഷൻസിലെ അക്കൗണ്ടന്റാണെങ്കിലും, രക്തദാനം സവിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഓരോ ജീവന് പിന്നാലെ ഓടുമ്പോഴും കൂടുതൽ ആവേശവും സവിനിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ജീവരക്തം ഇനിയും ഒഴുകും സവിനിലൂടെ..!