ആർ.കെ
സീനിയർ റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്
കോട്ടയം: ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പോലെയാണ്, അഴിമതിക്കേസിൽ കോട്ടയം മൈനർ ഇറിഗേഷൻ വകുപ്പിലെ സബ് ഡിവിഷൻ അസി.എക്‌സ്‌ക്യുട്ടീവ് എൻജിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശി ബിനു ജോസഫ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. മുൻപ് രണ്ടു തവണ അഴിമതിക്കേസിന്റെ പേരിൽ വകുപ്പ് തല നടപടിയിൽ കുടുങ്ങിയ ബിനു ജോസഫ് മൂന്നാം തവണ കൈക്കൂലിയുമായി കയ്യോടെ പിടികൂടപ്പെടുകയായിരുന്നു. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ ഓഫിസിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൈനർ ഇറിഗേഷന്റെ കരാറുകാരന് ഡെപ്പോസിറ്റ് തുക തിരികെ നൽകുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. തിരുനക്കരയിലെ മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്. മുൻപ് രണ്ടു തവണ ഇവർക്കെതിരെ വിജിലൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന്, ഇവർക്കെതിരെ അഴിമതിക്കേസിൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു തവണ വകുപ്പ് തല നടപടിയും എടുത്തിരുന്നു. എന്നിട്ടു പോലും ഇവർ അഴിമതി അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇതാണ് ഇപ്പോൾ കൈക്കൂലിയുമായി പിടിയിലായ സാഹചര്യത്തിൽ എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2014 ലും 2015 ലുമുള്ള വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ഇവർക്കെതിരെ ക്രമക്കേട് കണ്ടെത്തിയത്. ചങ്ങനാശേരിയിൽ അസി.എൻജിനീയറായിരുന്ന സമയത്ത് ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഇവർ നടത്തിയ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ റിപ്പോർട്ട് തയ്യാറാക്കി വകുപ്പിനു കൈമാറി. തുടർന്നാണ് വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചത്. 2015 ൽ കോട്ടയത്ത് അസി.എക്‌സിക്യുട്ടീവ് എൻജിനീയറായിരിക്കെയും സമാന രീതിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ഇവർ കുടുങ്ങിയിരുന്നു. വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ ഇവർ കൈകാര്യം ചെയ്തിരുന്ന ഫയലുകളിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് സംഘം ഇവർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ഈ കേസിലും വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു.
തുടർച്ചയായി രണ്ടു വർഷം വകുപ്പ് തല നടപടി സ്വീകരിച്ചിട്ട് പോലും ഇവരെ അതി നിർണ്ണായകമായ പോസ്റ്റിൽ നിയമിച്ചത് തന്നെ അഴിമതിക്കാർക്ക് കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കൈക്കൂലിയും അഴിമതിയും വാങ്ങാൻ സാധിക്കുന്ന സീറ്റുകളിൽ ഇത്തരക്കാരെ ഇരുത്തുന്നതാണ് പ്രശ്‌നത്തിന് കാരണം. കൈക്കൂലിക്കേസിൽ അറസ്റ്റിലായ ബിനുവിനെ വകുപ്പ് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ അഴിമതിക്കാർക്കെതിരെ വിജിലൻസ് സംഘം കർശന നടപടി തുടരുകയാണ്.