, കാഞ്ഞിരപ്പള്ളി : ഇന്‍ഫാം നേതൃസംഗമവും ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനവും 23ന് രാവിലെ 11ന് കട്ടപ്പന, മുണ്ടക്കയം, എരുമേലി സോണുകളിലായി നടക്കുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്ന 03-06-2022 ലെ സുപ്രീം കോടതിവിധിയില്‍ നിരവധി കര്‍ഷകര്‍ ആശങ്കയിലാണ്. ഈ വിധി നടപ്പിലാകുന്നതോടെ കര്‍ഷകരുടെ കൃഷിഭൂമി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇന്‍ഫാം ആവശ്യപ്പെടുന്നത്. സുപ്രീം കോടതി പറഞ്ഞിരിക്കുന്ന സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിയുടെ മുമ്പാകെ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഒരു മീറ്റര്‍ പോലും കര്‍ഷകരുടെ കൃഷിയിടത്തിലേക്ക് ബഫര്‍ സോണ്‍ ഇറങ്ങിവരാന്‍ പാടില്ല. അങ്ങനെ ഇറങ്ങിവന്നാല്‍, കാലാകാലങ്ങളായി മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ പ്രജകള്‍ക്കു നല്കിയ പട്ടയത്തിലൂടെ അംഗീകരിക്കപ്പെട്ടതും കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതുമായ അവരുടെ സ്വത്തിന്മേലുള്ള വനം വകുപ്പിന്റെ കടന്നുകയറ്റമായി അത് പരിഗണിക്കണം.
ഈ ബഫര്‍ സോണ്‍ നിശ്ചിത വനാതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരുടെ ഭൂമിയിലേക്ക് ഇറക്കുന്നതിനു പകരം വനത്തിനുള്ളില്‍ തന്നെ നിജപ്പെടുത്തി സോളാര്‍ വേലികളോ കിടങ്ങുകളോ മറ്റെന്തെങ്കിലും ഉപാധികളോകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുകയും ജീവിക്കുവാനുള്ള മനുഷ്യന്റെ അവകാശത്തെ സംരക്ഷിക്കുകയും ചെയ്യണം. കേരളത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 29.65 ശതമാനം വനഭൂമിയാണെന്നിരിക്കെ ബഫര്‍ സോണ്‍ വനാതിര്‍ത്തിയില്‍ വച്ച് ‘സീറോ’ ആക്കിയാല്‍ പോലും കേരളത്തിലെ വനത്തിന്റെ വിസ്തീര്‍ണം അല്‍പ്പം പോലും കുറയുന്നില്ല.
ഗ്രോ മോര് ഫുഡ് പദ്ധതിപ്രകാരം ഒരുകാലത്ത് സര്ക്കാരിനാല് കുടിയേറ്റപ്പെട്ട കര്‍ഷകര്‍ക്ക് അവിടെ ജീവിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. പ്രഖ്യാപിച്ച വിധിയില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ളപക്ഷം ജനങ്ങളുടെ ആവലാതിയും ബുദ്ധിമുട്ടും മനസിലാക്കി സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെ അറിയിക്കാനുള്ള അവസരം ഈ വിധിയില്‍ തന്നെ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ അവസരം സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. വിദഗ്ധരുടെ സഹായത്തോടെ കൃത്യമായ പഠനം നടത്തി മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ഫോറസ്റ്റ് & ക്ലൈമറ്റ് ചേഞ്ചിനോടും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയോടും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം.
അതിനായി വേണ്ടിവന്നാല്‍ സംയുക്ത നിയമസഭ വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നതുവരെ ബോധവത്കരണ, സമര പരിപാടികളുമായി ഇന്‍ഫാം രംഗത്തുണ്ടാകും.
23ന് രാവിലെ 11ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പാരിഷ് ഹാളില്‍ നടക്കുന്ന ബഫര്‍സോണ്‍ മോചന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. കുര്യന് താമരശേരി അധ്യക്ഷതവഹിക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകടിയേല്‍ ആമുഖ പ്രഭാഷണം നടത്തും. മുണ്ടക്കയം കാര്‍ഷിക താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം വെട്ടുകല്ലേല്‍, പെരുവന്താനം കാര്‍ഷിക താലൂക്ക് പ്രതിനിധി അലക്സ് പവ്വത്ത് എന്നിവര്‍ പ്രസംഗിക്കും.
കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുന്ന സമരപ്രഖ്യാപനം വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷതവഹിക്കും. സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ ആമുഖപ്രഭാഷണം നടത്തും. കട്ടപ്പന കാര്‍ഷിക താലൂക്ക് പ്രസിഡന്റ് വര്‍ക്കി കെ.ജെ. കിളക്കാട്ട്, ജയകുമാര്‍ മന്നത്ത്, സാബു മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എരുമേലി അസംപ്ഷന്‍ ഫൊറോന പാരിഷ് ഹാളില്‍ നടക്കുന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ അധ്യക്ഷതവഹിക്കും. കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ ആമുഖപ്രഭാഷണം നടത്തും. എരുമേലി താലൂക്ക് പ്രസിഡന്റ് ജോസഫ് കെ.ജെ. കാരിക്കക്കുന്നേല്‍, കുരുവിള ചാക്കോ താഴത്തുപീടികയില്‍ എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് സി. ചാക്കോ ചേറ്റുകുഴിയില്‍, ട്രഷറര്‍ ജെയ്സണ്‍ ജോസഫ് ചെമ്പ്ളായില്‍, എരുമേലി കാര്‍ഷിക താലൂക്ക് പ്രതിനിധി കുരുവിള ചാക്കോ താഴത്തുപീടികയില്‍, മാര്‍ക്കറ്റിംഗ് സെല്‍ പ്രതിനിധി കെ.കെ. സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍, സബ്ജക്ട് എക്സ്പേര്‍ട്ട് നെല്‍വിന്‍ സി. ജോയി എന്നിവരും പങ്കെടുത്തു.