ചേർപ്പ്: തൃശൂർ ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽ പ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ ശനിയാഴ്ച 12- മണിയോടെയായിരുന്നു അപകടം. ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്തണം വിട്ട് ഇടതുവശത്തെ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടം നടന്നതിന് പിന്നാലെ ബസിൽ ഉണ്ടായിരുന്ന ഡ്രൈവറടക്കമുള്ള ജീവനക്കാർ ചാടിയിറങ്ങി ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ കുറെ ദൂരം പിന്തുടർന്നുവെങ്കിലും റോഡിന് വശത്തുള്ള മതിൽ ചാടി ഒരു പറമ്പിലൂടെ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.