കോട്ടയം: മറ്റക്കര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി. രാത്രിയിലും രാവിലെയുമാണ് ബസുകൾ ട്രിപ്പ് മുടക്കുന്നത്. ഇതുമൂലം സാധാരണക്കാരായ യാത്രക്കാരാണ് വലയുന്നത്. കോട്ടയം മറ്റക്കര റൂട്ടിൽ സർവീസ് നടത്തുന്ന തുമ്പി , ഇമ്മാനുവൽ എന്നീ ബസുകൾക്കെതിരെയാണ് യാത്രക്കാർ പരാതിപ്പെട്ടിരിക്കുന്നത്. അയർക്കുന്നതു നിന്നും രാത്രി 6.50 കഴിഞ്ഞാൽ മറ്റക്കരയ്ക്ക് ബസ് ഇല്ലെന്നാണ് പരാതി. 6.50 ന് ശേഷം സർവീസ് നടത്തേണ്ട ബസുകളാണ് രണ്ടും. ഈ രണ്ട് ബസുകളും രാത്രി ട്രിപ്പ് മുടക്കുകയാണ് എന്നാണ് പരാതി. രാത്രി സമയങ്ങളിൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവരെയാണ് ബസുകൾ ട്രിപ്പ് മുടക്കുന്നത് ബാധിക്കുന്നത്. രാത്രി സർവീസ് നടത്താത്ത് മൂലം പുലർച്ചെയും സർവീസ് മുടങ്ങുന്നതായി പരാതിയുണ്ട്. മറ്റക്കര നിന്നും 5.40നാണ് തുമ്പി എന്ന ബസ് ആദ്യ സർവീസ് നടത്തേണ്ടത്. എന്നാൽ, ഈ ബസ് ഇപ്പോൾ സർവീസ് മുടക്കുകയാണ്. പലപ്പോഴും ഏഴു മണിയോടെയാണ് ഇവിടെ നിന്നും ആദ്യ സർവീസ് ആരംഭിക്കുന്നത്. ഇതും യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.