കുമ്പനാട്: തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞാണ് കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ എത്തിയത്. കുമ്ബനാട് ടി.കെ. റോഡിൽ മണിയാറ്റ് ഓഡിറ്റോറിയത്തിന് സമീപം അപകടം നടന്നിരിക്കുന്നു എത്രയും പെട്ടെന്ന് സ്ഥലത്തെത്തണമെന്നുള്ള സന്ദേശമായിരുന്നു അത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.പി.ഒ. അഭിലാഷ് ഉടൻതന്നെ സ്ഥലത്തെത്തി. കാറിടിച്ച് തള്ളയും കുട്ടികളും അടങ്ങുന്ന പന്നിക്കൂട്ടം റോഡിൽ ചിതറിക്കിടക്കുന്നു.
കാഴ്ചയിൽ 60 കിലോയ്ക്ക് മുകളിൽ ഭാരം തോന്നിക്കുന്ന തള്ള പന്നിയുടെ രണ്ട് കാലുകൾ ഒടിഞ്ഞനിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ പന്നിക്കുട്ടികൾ നാലും ചത്തിരുന്നു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ. എസ്. ഷൈജു, സി.പി.ഒ. സുരേഷ് എന്നിവരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തിരുവല്ലയിൽ ഹോട്ടൽ നടത്തുന്ന ചുരുളിക്കോട് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. പന്നികൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്‌ബോഴാണ് അപകടമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസിന് പണിയായി
പന്നിക്കുട്ടികൾ ചത്തെങ്കിലും തള്ളക്ക് സാരമായ പരിക്കേറ്റിട്ടുള്ളതിനാൽ പോലീസിന് സംഭവസ്ഥലത്തുനിന്ന് പോകാൻ പറ്റാതായി. ഒരു മണിയോടുകൂടി പല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെയും ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതയെ ലൈനിൽ കിട്ടി. പ്രസിഡന്റ് വരാമെന്ന് സമ്മതിച്ചെങ്കിലും വാഹനസൗകര്യം ഇല്ലെന്ന് പറഞ്ഞു. വേഗം റെഡിയായി വിട്ടുപടിക്കൽ നിന്നോ പോലീസ് ജീപ്പ് അയക്കാമെന്നായി എസ്.ഐ.
തള്ളപ്പന്നിയെ വെടിവെച്ച് കൊന്നു
പ്രസിഡന്റിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് അടുത്തപ്രശ്‌നം. എസ്.ഐ. ഷൈജു വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ല പഞ്ചായത്തിനാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക അവരുമായിട്ട് ബന്ധപ്പെടുക,’ ചാറ്റൽ മഴയും നനഞ്ഞ് എല്ലാവരുംകൂടി ആലോചിച്ചു ഇനി എന്ത് ചെയ്യണമെന്ന്. പ്രസിഡന്റ് വീണ്ടും മെമ്ബർമാരായ മുകേഷ് മുരളിയെയും ജോൺസനെയും വിളിച്ചു.
അപകടത്തിൽപ്പെട്ട കാർ
അവർ പറഞ്ഞത് പ്രകാരം ഷൂട്ടറെ വരുത്തി തള്ളപ്പന്നിയെ കൊല്ലാൻ തീരുമാനമായി. പക്ഷേ ഒരുകുഴപ്പം, കോയിപ്രം പഞ്ചായത്തിൽ ഷൂട്ടർമാർ ഇല്ല. സ്ഥിരമായി പഞ്ചായത്തിൽ വരാറുള്ള ഷൂട്ടർമാരെയെല്ലാം വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. ഒടുവിൽ എഴുമറ്റൂരിലുള്ള ഒരു ഷൂട്ടറെയാണ് സംഘടിപ്പിച്ചത്. ഷൂട്ടർ എത്തി തള്ളപന്നിയെ വെടിവെച്ച് കൊന്നപ്പോഴേക്കും സമയം മൂന്നുമണി.
പന്നികളെ ആരെങ്കിലും തട്ടിയെടുത്താലോ
അപ്പോൾ വീണ്ടും പ്രശ്‌നം. പന്നികളെ റോഡ് വശത്ത് ഇട്ടിട്ട് പോയാൽ ആരെങ്കിലും കൊണ്ടുപോയാലോ…? അതൊഴിവാക്കാൻ പന്നികളുടെ ജഡത്തിൽ ഡീസൽ ഒഴിക്കാം എന്നുള്ള തീരുമാനമായി. ഡീസൽ വാങ്ങുവാനായി വീണ്ടും പോലീസ് ജീപ്പ് ഓടി. നാല് ലിറ്റർ ഡീസൽ പന്നികളുടെ ദേഹത്ത് ഒഴിച്ചു. അടുത്തുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പന്നിക്കൂട്ടങ്ങളെ വലിച്ചുമാറ്റിയിടുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോൾ പുലർച്ചെ നാലുമണി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി പഞ്ചായത്ത് പ്രസിഡന്റും മെമ്ബർമാരും സ്ഥലത്തെത്തിയപ്പോൾ വീണ്ടും പ്രശ്‌നം. പന്നിയെ പറമ്ബിൽ കുഴിച്ചിടാൻ വീട്ടുകാർ സമ്മതിക്കുന്നില്ല. ഒടുവിൽ ഒരുമണിക്കൂർ മാരത്തോൺ ചർച്ചകൾക്കൊടുവിൽ പന്നിയെ അടുത്ത വീട്ടുകാരുടെ പറമ്ബിന്റെ ഒരുമൂലയ്ക്ക് മറവ് ചെയ്യുവാൻ തീരുമാനിച്ചു.