ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലപ്പുറത്ത് നിന്ന് മൂന്നാർ സന്ദര്‍ശനത്തിന് എത്തിയവർ സഞ്ചരിച്ച കാറിനാണ് ഓട്ടത്തിനിടെ തീ പിടിച്ചത്.
വാഹനം മൂന്നാര്‍ റോസ് ഗാർഡന് സമീപമെത്തിയപ്പോള്‍ നിന്നുപോയി. തുടര്‍ന്ന് റോഡ് സൈഡിൽ പാര്‍ക്ക് ചെയ്ത് വർക്ക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുകൊണ്ടുവന്ന് കാണിച്ചു. എന്നാല്‍ മൂന്നാറിലെ തണുപ്പ് കാരണമാകാം വാഹനം നിന്ന് പോയതെന്നും കുറച്ച് കഴിഞ്ഞ് സ്റ്റാര്‍ട്ട് ചെയ്താല്‍ മതിയെന്നും പറഞ്ഞ് വര്‍ക്ക് ഷോപ്പുകാരന്‍ മടങ്ങി.
പിന്നീട് ഡ്രൈവറും മറ്റ് മൂന്ന് പേരും വാഹനം സ്റ്റാര്‍ട്ടാക്കി അല്പദൂരം മുന്നോട്ട് പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുക ഉയർന്നു തുടങ്ങി.
ഡ്രൈവറും യാത്രക്കാരും പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തൊട്ട് പിന്നാലെ കാര്‍ കത്തുകയായിരുന്നു. വാഹനത്തിന്‍റെ സെന്‍റര്‍ ലോക്ക് വീഴാതിരുന്നത് യാത്രക്കാര്‍ക്ക് രക്ഷയായി. കാർ ഭാഗിഗമായി കത്തി നശിച്ചു.