മുപ്പത്തിയഞ്ചാം മൈലില്‍ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് റദാക്കി 

കോട്ടയം : ദേശീയപാതയിലൂടെ മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കുമളി വലിയകണ്ടം ഞാലിയില്‍ ഷിജിൻ ഷാജി(31) യുടെ ലൈസൻസാണ് പതിനഞ്ച് മാസത്തേക്ക് റദ്ദാക്കിയത്. ഇയാള്‍ കുമളിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരനാണ്. കഴിഞ്ഞ ചൊവാഴ്ച കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ മുപ്പത്തിയഞ്ചാം മൈലില്‍വച്ചാണ് സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും കുമളി ഭാഗത്തേക്ക് ഷിജിൻ ഷാജി ഓടിച്ച കാർ, മറ്റുള്ള വാഹനങ്ങളിലേക്കും റോഡരുകിലേക്കും ഇടിച്ചുകയറുന്ന രീതിയില്‍ എത്തുകയായിരുന്നു. പലതവണ നിയന്ത്രണംവിട്ട കാർ റോഡില്‍നിന്നും വെളിയിലേക്ക് പോയെങ്കിലും ഭാഗ്യംകൊണ്ട് വലിയ അപകടമുണ്ടായില്ല. പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാർ ഇതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നു. പെരുവന്താനം പൊലീസ് ഇയാളെ കൊടികുത്തിയില്‍നിന്നും പിടികൂടി. കാർ റോഡരികില്‍ നിർത്തിയ നിലയിലായിരുന്നു. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ. ഇൻ ചാർജ് സി.ഡി.അരുണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

Advertisements

Hot Topics

Related Articles