കൊല്‍ക്കത്ത: ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുൻ പ്രിൻസിപ്പല്‍ ഡോ.സന്ദീപ് ഘോഷിന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി. സന്ദീപ് ഘോഷിനെതിരായി ഉയർന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും അങ്ങേയറ്റം ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇവ തെളിയിക്കപ്പെട്ടാല്‍ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.
കേസില്‍ എഫ്ഐആർ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനേയും, ഡോ സന്ദീപ് ഘോഷിനേയും അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് കേസ് ഡയറിയില്‍ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന സന്ദീപ് ഘോഷിന്റെ അഭിഭാഷകൻ ഉയർത്തിയ വാദത്തേയും കോടതി രൂക്ഷമായി വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്ദീപ് ഘോഷിനെതിരെ ഉയർന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അപൂർവ്വങ്ങളില്‍ അപൂർവ്വമായ കേസായി പരിഗണിക്കാനാകുമെന്നും, ഇയാള്‍ക്ക് വധശിക്ഷ ഉറപ്പാകുമെന്നും സന്ദീപ് ഘോഷിന്റെ ജാമ്യാപേക്ഷ തള്ളിയ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് ഡേ വ്യക്തമാക്കി. പ്രതികളെ ജാമ്യത്തില്‍ വിടുന്നത് നിയമത്തിന് എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അഭിജിത് മൊണ്ടലിന്റെ ജാമ്യാപേക്ഷയും കേടതി തള്ളി. രണ്ട് പ്രതികളേയും ഈ മാസം 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.