സെഞ്ചൂറിയനിൽ ഇന്നിംഗ്സ് തോൽവി ഏറ്റുവാങ്ങി ഇന്ത്യ : തോറ്റത് ഒരു ഇന്നിംഗ്‌സിനും 32 റണ്‍സിനും

സെഞ്ചൂറിയന്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ നോക്കൗട്ടാക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ തോല്‍വി സമ്മതിച്ചത് ഒരു ഇന്നിംഗ്‌സിനും 32 റണ്‍സിനും. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് ലീഡ് ആയ 163 റണ്‍സ് മറികടക്കാനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് വെറും 34.1 ഓവറില്‍ 131 റണ്‍സിന് അവസാനിച്ചു. വിരാട് കോഹ്ലിയും (76) ശുഭ്മാന്‍ ഗില്ലും (26) ഒഴികെ ഒരാളും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നില്ല. ജയത്തോടെ രണ്ട് മത്സര പരമ്ബരയില്‍ ആതിഥേയര്‍ മുന്നിലെത്തി (1-0). അക്കൗണ്ട് തുറക്കും മുമ്ബ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ (0) റബാഡയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഇത് 14ാം തവണയാണ് റബാഡ രോഹിത്തിനെ പുറത്താക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലും റബാഡയാണ് രോഹിത്തിനെ പുറത്താക്കിയത്. യശ്വസി ജയ്‌സ്‌വാള്‍ (5), ശ്രേയസ് അയ്യര്‍ (6), ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ കെ.എല്‍ രാഹുല്‍ (4) എന്നിവരുടെയെല്ലാം ബാറ്റ് നിശബ്ദമായി.

Advertisements

രവിചന്ദ്രന്‍ അശ്വിന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (2), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിവരും പെട്ടെന്ന് പുറത്തായി. മറുവശത്ത് നിലയുറപ്പിച്ച്‌ കളിച്ച കോഹ്ലിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതെപോയതാണ് ഇന്ത്യക്ക് നാണംകെട്ട തോല്‍വി സമ്മാനിച്ചത്. പ്രോട്ടീസിന് വേണ്ടി നാന്ദ്രേ ബര്‍ഗര്‍ നാല്, മാര്‍ക്കോ യാന്‍സന്‍ മൂന്ന്, കാഗീസോ റബാഡ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് 256ന് അഞ്ച് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സില്‍ 408 റണ്‍സിന് പുറത്തായി. ഡീന്‍ എല്‍ഗാര്‍ (185) ആണ് ടോപ് സ്‌കോറര്‍. പുറത്താകാതെ നിന്ന മാര്‍ക്കോ യാന്‍സന്‍ 84 റണ്‍സ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ജനുവരി മൂന്നിന് കേപ്ടൗണിലാണ് പരമ്ബരയിലെ അവസാന ടെസ്റ്റ്.

Hot Topics

Related Articles