ചങ്ങനാശേരി: ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകത്തിലെ പ്രതി പിടിയിലായതോടെ പൊലീസ് കാത്തിരിക്കുന്നത് കൊലപാതകത്തിന്റെ നിർണ്ണായകമായ ചുരുളഴിയ്ക്കാൻ. കേസിലെ പ്രധാന പ്രതിയായ ചങ്ങനാശേരി പൂവം സ്വദേശി മുത്തുകുമാറിനെയാണ് ആലപ്പുഴ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നത്. കേസിൽ ഇയാൾ മാത്രമല്ല കൂടുതൽ പ്രതികളുണ്ടെന്ന സൂചനയാണ് അന്വേഷണ സംഘത്തിന് ആദ്യം മുതൽ ലഭിച്ചിരുന്നത്. കൃത്യമായ ഗൂഡാലോചനയുടെ അടിസ്ഥാനത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നും, ഇതിന് രണ്ടിലേറെ സുഹൃത്തുക്കളുടെ സഹായം ലഭിച്ചിരുന്നതായും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതി പിടിയിലായതോടെ കൂട്ടു പ്രതികളെ അടക്കം കണ്ടെത്തുന്നതിന് ഇനി സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 26 ന് കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ മൃതദേഹമാണ് ചങ്ങനാശേരി പൂവത്ത് മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ അടുക്കള വശത്തെ വർക്ക് ഏരിയയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുത്തുകുമാറാണ് കൊലപാതകത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്. ഇതോടെ ആലപ്പുഴ കോട്ടയം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലപ്പെട്ട ബിന്ദുകുമാറിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മാർട്ടത്തോടെ മാത്രമേ ബിന്ദുകുമാറിന്റെ മരണകാരണം വ്യക്തമാകൂ. ഇയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും അഴുകിത്തുടങ്ങിയതിനാൽ മൃതദേഹത്തിലെ പാടുകളോ മറ്റ് പരിക്കുകളോ ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാകുന്നതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസ് സംഘം നൽകുന്ന സൂചന.
കേസിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. കൃത്യമായ ഗൂഡാലോചന നടത്തിയ പ്രതികൾ ബിന്ദുകുമാറിനെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ശ്വാസം മുട്ടിച്ചോ, മദ്യത്തിൽ വിഷം പോലെ എന്തെങ്കിലുമോ കലർത്തിയാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അടുത്തടുത്ത് വീടുകളുള്ള സ്ഥലമായതിനാൽ ശാരീരികമായി ആക്രമിച്ച് കൊലപ്പെടുത്തിയാൽ ബഹളം കേൾക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ബിന്ദുകുമാറിനെക്കാൾ ആരോഗ്യപരമായി ഏറെ പിന്നിൽ നിൽക്കുന്ന മുത്തുകുമാറും രണ്ടിലധികം ആളുകളും ചേർന്ന് മൽപ്പിടുത്തതിലൂടെ ബിന്ദുകുമാറിനെ കീഴ്പ്പെടുത്തിയ ശേഷം കൊലപ്പെടുത്താനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്.
ഇതല്ലെങ്കിൽ ബിന്ദുകുമാറിനെ മദ്യം നൽകിയോ, മദ്യത്തിലോ ഭക്ഷണത്തിലോ മറ്റെന്തെങ്കിലും വസ്തുക്കൾ ചേർത്തു നൽകിയോ ബോധരഹിതനാക്കിയ ശേഷം കൊലപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ, കൊലപാതകത്തിന്റെ കാരണം അടക്കമുള്ളവ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.