ചങ്ങനാശ്ശേരിയിൽ കൊപ്ര കടയ്ക്ക് തീപിടിച്ചു ; ഒരു ലക്ഷം രൂപയോളം നഷ്ടം ; മാർക്കറ്റിലെ തിരക്കൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വലിയ അപകടം

ചങ്ങനാശേരി: കൊപ്ര കടയ്ക്ക് തീപിടിച്ചു ഒരു ലക്ഷം രൂപയോളം നഷ്ടം. ആളപായമില്ല. ചങ്ങനാശേരി മാർക്കറ്റിൽ പുളിയരി വ്യാപാരം നടത്തുന്ന മതിച്ചിപറമ്പിൽ ജയിംസ് ജേക്കബ് (ദേവസ്യ)യുടെ ഉടമസ്ഥയിലുള്ള കൊപ്ര മില്ലിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രാവിലെ പുതിയതായി മിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനായി ക്വിന്റൽ കണക്കിന് കൊപ്രയും എത്തിച്ചിരുന്നു. 10 ക്വിന്റൽ കൊപ്ര ഉണങ്ങുന്നതിനായി ഡ്രെയറിൽ ഇട്ടശേഷം ചിരട്ട തീ കത്തിച്ചിരുന്നു. ഇവിടെ നിന്നും തീ പടർന്ന് കൊപ്രയിലേക്കും തീപിടിയ്ക്കുകയായിരുന്നു.

Advertisements

തുടർന്ന്, സമീപത്ത് വച്ചിരുന്ന മറ്റ് കൊപ്ര ചാക്കിലേയ്ക്കും പുളിയരി പൊടിച്ചതിന്റെ വേസ്‌ററിലേക്കും തീ ആളിപടരുകയായിരുന്നു.  മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളികളും വ്യാപാരികളും ചേർന്ന് വെള്ളം കോരിയൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ചങ്ങനാശേരി അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെതുടർന്ന് തിരുവല്ല, കോട്ടയം എന്നീ സേനാ ഓഫീസിലും വിവരമറിയിച്ചു. ഇവിടെ നിന്നും ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി. പുകഞ്ഞു കത്തിയതിനാൽ, കടയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ താമസം നേരിട്ടെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഒന്നരമണിക്കൂറാേളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. മാർക്കറ്റിലെ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Hot Topics

Related Articles