ചങ്ങനാശേരി: ചങ്ങനാശേരിയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി നാട്ടുകാരുടെ നേതൃത്വത്തിൽ പിൻതുടർന്ന് പിടികൂടി. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ ലോറിയാണ് നാട്ടുകാർ പിൻതുടർന്നു പിടികൂടി കുറിച്ചി ഭാഗത്തു വച്ച് പിടികൂടിയത്. ലോറി കൈനടി പൊലീസിനു കൈമാറി. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു. സെപ്റ്റിക് ടാങ്ക് ക്ലീനേഴ്‌സ് ടാങ്കർ ലോറി അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടക്കുന്നതിനിടെയാണ് ഇപ്പോൾ ചങ്ങനാശേരിയിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിരിക്കുന്നത്.
ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെയാണ് കെ.എൽ 46 എഫ് 1357 നമ്പരിലുള്ള ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയത്. ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനു സമീപത്തെ റോഡിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയത്. ഇതുവഴി വാഹനം കടന്നു വരുന്ന വെട്ടം കണ്ട് ഇവർ വാഹനം ഓടിച്ചു പോയി. ഇതോടെ നാട്ടുകാർ ഇവരെ പിൻതുടർന്നു. തുടർന്ന്, കുറിച്ചി ഭാഗത്തേയ്ക്കുള്ള ഇടവഴിയിലേയ്ക്കു ഇവർ വാഹനം ഓടിച്ചു കയറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ നാട്ടുകാരും പിന്നാലെ ഓടിയെത്തി. തുടർന്ന് വാഹനം പിടികൂടി. ഇതിന് ശേഷം 112 ൽ നാട്ടുകാർ വിളിച്ചതോടെ കൈനടി പൊലീസ് സ്ഥലത്ത് എത്തി. വാഹനം കൈനടി പൊലീസ് പിടിച്ചെടുത്തു. കേസെടുക്കുന്നതിനായി ചങ്ങനാശേരി പൊലീസിനു വാഹനം കൈമാറുമെന്നും കൈനടി പൊലീസ് അറിയിച്ചു.