ചെറുപ്പക്കാർ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിക്കുന്നു; കാരണം എന്ത് അറിയാം

നിയമസഭയിലെ ഓണാഘോഷങ്ങള്‍ക്കിടെ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് ഡെപ്യൂട്ടി ലൈബ്രേറിയൻ ജുനൈസ് (46) കുഴഞ്ഞുവീണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. അതിന്റെ തലേദിവസമാണ് ചെന്നൈ സവിത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറും കാർഡിയാക് സർജനും ആയിരുന്ന ഡോ. ഗ്രാഡ്ലിൻ റോയ്, രാവിലെ ആശുപത്രി റൗണ്ടിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇടത് രക്തധമനിയില്‍ ഉണ്ടായിരുന്ന ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിന് കാരണമായതെന്ന് വിവരം.

Advertisements

സംഭവം ആശുപത്രിക്കുള്ളിലാണ് നടന്നതെന്നതും ഇരയായത് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായിരുന്നുവെന്നതുമാണ് വിഷയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. യഥാർഥത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ല. ഇന്ത്യയിലുടനീളം ആരാധകരുള്ള പ്രശസ്ത ഹാസ്യനടനും അവതാരകനുമായ രാജു ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ജിമ്മില്‍ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. ഉടൻ തന്നെ അദ്ദേഹം ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നാല്‍, ദീർഘകാല ആശുപത്രിവാസത്തിന് ശേഷം അദ്ദേഹത്തിന് ജീവിതത്തോട് വിടപറയേണ്ടി വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കന്നട സിനിമാരംഗത്തിലെ സൂപ്പർതാരമായിരുന്ന പുനീത് രാജ്കുമാറിനും സമാനമായ വിധിയായിരുന്നു. ജിമ്മില്‍ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ആ സമയം പ്രായം വെറും 46. പ്രശസ്ത ഗായകനായ കൃഷ്ണകുമാർ കുന്നാട്ട് അഥവാ കെ കെ, ഹൃദയസ്തംഭനം മൂലം കൊല്‍ക്കത്തയില്‍ പൊതുവേദിയില്‍ ഗാനാലാപനത്തിനിടെ വിടവാങ്ങി.മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കു ആഞ്ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്ന സംഭവം ഇതോടൊപ്പം ഓർക്കാവുന്നതാണ്.

മുകളില്‍ പരാമർശിച്ചത് പ്രശസ്തരും പൊതുവില്‍ അറിയപ്പെടുന്നവരുമായ വ്യക്തികളെയാണ്. എന്നാല്‍, ഒട്ടേറെ ചെറുപ്പക്കാർ ഇത്തരത്തില്‍ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം?
എന്താണ് ഹൃദയാഘാതം?
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനി കൊറോണറി ആർട്ടറി ആണ്. ഈ ഹൃദയധമനിയില്‍ എവിടെയെങ്കിലും തടസ്സം സംഭവിച്ചാല്‍, ഹൃദയത്തിലേക്ക് രക്തം കൃത്യമായി എത്താൻ കഴിയാതെ പോകും. ഇതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.

നിയന്ത്രണമില്ലാത്ത പ്രമേഹം, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, അലസമായ ജീവിതശൈലി, അമിത രക്തസമ്മർദ്ദം, നിയന്ത്രിക്കാത്ത കൊളസ്ട്രോള്‍, സ്ഥിരമായ പുകവലി, അമിത മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങള്‍ ഹൃദയാഘാതത്തിന് വഴിയൊരുക്കും. എന്നാല്‍, ഹൃദയാഘാതം സംഭവിച്ച ഉടൻ തന്നെ വ്യക്തി മരണത്തിന് വിധേയനാകുന്നില്ല എന്നതാണ് യാഥാർഥ്യം. കൊറോണറി ആർട്ടറിയില്‍ സംഭവിച്ച തടസ്സത്തിന്റെ വ്യാപ്തി പ്രധാനമാണ്. ഒരു നിശ്ചിത പരിധി കടന്നപ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ അനുഭവിക്കാൻ തുടങ്ങൂ.

ലക്ഷണങ്ങള്‍

കിതപ്പ്
നെഞ്ചിന്റെ മധ്യഭാഗത്തായി വേദന
ഭാരം അമർത്തുന്നത് പോലെ തോന്നുക
കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന
അമിതമായ വിയർപ്പ്
ശ്വാസതടസ്സം
എന്താണ് കാർഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)?
ഡോ. ഗ്രാഡ്ലിൻ റോയ്യെ ബാധിച്ചത് ഹൃദയസ്തംഭനമാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാതത്തില്‍ ഹൃദയത്തിന്റെ പ്രവർത്തനം ഭാഗികമായി മാത്രം തടസ്സപ്പെടുന്നു, എന്നാല്‍ ഹൃദയം പൂർണ്ണമായും നിശ്ചലമാകുന്ന അവസ്ഥ ഹൃദയസ്തംഭനമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിശ്ചലമാകുന്നത് അതീവ ഗൗരവമുള്ള സ്ഥിതിയാണ്.

ലക്ഷണങ്ങള്‍

പെട്ടെന്ന് കുഴഞ്ഞ് വീഴുക
നാഡിമിടിപ്പ് നിലയ്ക്കുക
ശ്വാസം നിലയ്ക്കുക
അബോധാവസ്ഥയിലാവുക
ചില സന്ദർഭങ്ങളില്‍, ഹൃദയസ്തംഭനത്തിലേക്ക് പോകുന്നതിന് മുമ്ബ് താഴെപറയുന്ന ലക്ഷണങ്ങളും കാണപ്പെടാം:

നെഞ്ചില്‍ അസ്വസ്ഥത
ശ്വാസതടസ്സം
ശരീരം കുഴയല്‍
അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ്
കാരണങ്ങള്‍

ഹൃദയത്തിന്റെ പ്രവർത്തനക്രമം നിയന്ത്രിക്കുന്നത് വൈദ്യുത സ്പന്ദനങ്ങളാണ്. ഈ സ്പന്ദനങ്ങള്‍ ക്രമം തെറ്റുമ്ബോള്‍ ഹൃദയസ്പന്ദത്തിന്റെ താളക്രമത്തിലും വ്യതിയാനം ഉണ്ടാകുന്നു. ഇതിനെ അരിത്തിമിയ (Arrhythmia) എന്ന് വിളിക്കുന്നു. ഹൃദയസ്തംഭനത്തിലേക്കുള്ള പ്രധാന കാരണം ഇതാണ്.

ഹൃദയധമനിയെ (കൊറോണറി ആർട്ടറി) ബാധിക്കുന്ന അസുഖങ്ങള്‍

ഹൃദയാഘാതം
കാർഡിയോമയോപതി (ഹൃദയപേശികള്‍ വലുതാവുകയോ, തടിക്കപ്പെടുകയോ ചെയ്യുന്നത്)
ഹൃദയ പേശികളിലെ ബലക്ഷയം
ജന്മനാലുള്ള ഹൃദ്രോഗങ്ങള്‍
ജനിതകപരമായ തകരാറുകള്‍
വാല്‍വ് സംബന്ധമായ തകരാറുകള്‍
ആർക്കൊക്കെയാണ് സങ്കീർണ്ണതകള്‍?
ഹൃദയധമനിയെ ബാധിക്കുന്ന അസുഖമുള്ളവർ, പുകവലിക്കാർ, അമിത രക്തസമ്മർദ്ദമുള്ളവർ, ഉയർന്ന കൊളസ്ട്രോള്‍ ഉള്ളവർ, അമിതഭാരമുള്ളവർ, പ്രമേഹബാധിതർ, അലസമായ ജീവിതശൈലി തുടരുന്നവർ, മുമ്ബ് ഹൃദയാഘാതം അനുഭവിച്ചവർ, ഹൃദയാഘാതത്തിന്റെ പാരമ്ബര്യമുള്ളവർ, ഹൃദയ താളക്രമത്തില്‍ തകരാറുള്ളവർ, ഉറക്കക്കുറവുള്ളവർ, സങ്കീർണ്ണമായ വൃക്കരോഗമുള്ളവർ എന്നിവർക്കാണ് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെറുപ്പക്കാരില്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും പ്രത്യക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, കൃത്യമായ ഹെല്‍ത്ത് ചെക്കപ്പ് നടത്തി ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.

ദീർഘകാലം ശരീരം അനങ്ങുന്ന ജോലികളോ വ്യായാമങ്ങളോ നടത്തിയിട്ടില്ലെങ്കില്‍, പെട്ടെന്ന് ഒരുദിവസം വ്യായാമമോ കളികളോ ആരംഭിക്കുമ്ബോള്‍ അത്യന്തം ശ്രദ്ധപൂർവ്വം പ്രവർത്തിക്കണം.

ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരവും, ഭക്ഷണക്രമം ന്യൂട്രീഷ്യണിസ്റ്റിന്റെ നിർദ്ദേശപ്രകാരവും, ആരോഗ്യകരമായ വ്യായാമക്രമീകരണം ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരവും വേണം ക്രമീകരിക്കാൻ. (കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ സീനിയർ കണ്‍സല്‍ട്ടന്റ് കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ)

Hot Topics

Related Articles