കോട്ടയം: തിരഞ്ഞെടുപ്പിൻ്റെ ചർച്ചകൾ സജീവമായ സോഷ്യൽ മീഡിയയെ വികസന സംവാദത്തിലേയ്ക്ക് വഴി തിരിച്ച് വിട്ട് തോമസ് ചാഴിക്കാടൻ എം.പി. വി ലൈക്ക് ചാഴികാടൻ എന്ന ഫേസ്ബുക്ക് പേജിലൂടെ തൽസമയം നടത്തിയ സംവാദം നവ മാധ്യമ രംഗത്ത് ഏറെ പുതുമയുള്ള വേറിട്ട കാഴ്ചയായി മാറി. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപിയാണ് തൻ്റെ വികസന കാഴ്ചപ്പാടുകൾ ഫെയ്സ് ബുക്ക് പേജിലൂടെ യുവാക്കളുമായി പങ്കുവച്ചത്. കോട്ടയം ലോകസഭാ മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്നുമുള്ള നൂറിലധികം ആളുകൾ തത്സമയ സംവാദത്തിൽ എംപിയോട് ചോദ്യങ്ങൾ ഉന്നയിച്ചു. കോട്ടയത്തെ കുറിച്ചുള്ള വികസന കാഴ്ചപ്പാടുകളും അഞ്ചുവർഷം ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ 4100 കോടിയുടെ വികസന നേട്ടങ്ങളും തോമസ് ചാഴികാടൻ എണ്ണി പറഞ്ഞു. കോട്ടയത്തെ റെയിൽവെ സ്റ്റേഷന്റെ നവീകരണവും യാത്രാദുരിതം പരിഹരിക്കുന്നതിനായി നടപ്പാക്കിയ ഇരട്ടപാത നവീകരണവും കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളിലൂടെ നടപ്പാക്കിയ വികസന നേട്ടങ്ങളും കർഷകർക്കായി പാർലമെൻറിൽ നടത്തിയ പോരാട്ടങ്ങളും ഭിന്ന ശേഷി സൗഹൃദ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പി എം ഗ്രാമ സടക്ക് യോജന പദ്ധതി പ്രകാരം മണ്ഡലത്തിലെ 93 കിലോമീറ്റർ റോഡുകൾ നവീകരിച്ചതും ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം 2607 കോടി രൂപ അനുവദിച്ചതും തോമസ് ചാഴികാടൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങളും പാലായിലെ നവകേരള സദസ്സ് വേദിയിൽ വച്ച് മുഖ്യമന്ത്രിയോട് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് അഭ്യർത്ഥന നടത്തിയതും സംവാദത്തിൽ ചോദ്യങ്ങളായി ഉയർന്നുവന്നു. ബസേലിയസ് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരായ നിരവധി ആളുകൾ സംവാദത്തിൽ പങ്കെടുത്തു.