കോട്ടയം: പൊലീസിനെ അഭിഷാകർ അസഭ്യം പറയുന്നതിനിടെ, അഭിഭാഷകനെ അസഭ്യം പറഞ്ഞയാളെ പിടികൂടാനും വേണ്ടി വന്നത് പൊലീസ്. കോട്ടയത്താണ് ഇപ്പോൾ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ചങ്ങനാശ്ശേരിയിലെ പ്രമുഖ അഭിഭാഷകനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ കോട്ടയം കാരാപ്പുഴ വാഴയിൽ വീട്ടിൽ ഷമീർ ഹുസൈൻ (35) എന്നയാളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു.
ഷമീറിന്റെ സുഹൃത്തുക്കൾ ആയ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നതിലുള്ള ദേഷ്യം മൂലം പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും , ഭീഷണിപ്പെടുത്തുകയുമായിരുന്നു. അഭിഭാഷകന്റെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഷമീറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ തന്നെ വധശ്രമത്തിന് കേസ് നിലവിലുണ്ട്. കൂടാതെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും നിരവധി കേസുകൾ നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ്, എസ്.ഐ ആനന്ദക്കുട്ടൻ, എ.എസ്.ഐ മാരായ ഷിനോജ്, സിജു കെ. സൈമൺ, സി.പി.ഓ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.