ഹൃദ്രോഗിയായ അമ്മയെ രാത്രി മുഴുവൻ ശുശ്രൂഷിച്ചു; ക്ലാസിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിയെ അധ്യാപിക പുസ്തകം ഉപയോഗിച്ച് അടിച്ചു

കൊല്ലം:ഹൃദ്രോഗബാധിതയായ അമ്മയെ രാത്രിയൊന്നാകെ പരിചരിച്ചു ഉറങ്ങാതെ ക്ലാസിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി ക്ലാസിൽ ഉറങ്ങിപ്പോയത് കാരണം അധ്യാപിക പുസ്തകം ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി. തലയിൽ അടിയേറ്റതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ചികിത്സ തേടേണ്ടിവന്നു.കിഴക്കേ കല്ലട എസ്.വി.കെ.എം സ്കൂളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ക്ലാസിൽ തലവെച്ച് ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിയെ അധ്യാപിക ഭാരമേറിയ പുസ്തകം മടക്കി തലയ്ക്കടിച്ചുവെന്ന് മാതാപിതാക്കൾ പറയുന്നു.തലയ്ക്ക് മരവിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല.

Advertisements

എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ പനി, ശരീരവേദന, തലവേദന തുടങ്ങി ലക്ഷണങ്ങൾ പ്രകടമായതോടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു.കുടുംബം കുട്ടിയെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തലയ്ക്കുള്ളിൽ രക്തസ്രാവം സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുറഞ്ഞത് നാല് ദിവസം മുഴുവൻ വിശ്രമം നിർദേശിച്ചതോടൊപ്പം, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഉടൻ സ്കാൻ ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് കിഴക്കേ കല്ലട പോലീസ് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തിട്ടുണ്ട്. ആശുപത്രി അധികൃതരും പൊലീസിൽ പരാതി നൽകി.

Hot Topics

Related Articles