പെരുവ: പോലീസിൻ്റെ ചടുലമായ നീക്കം മണിക്കുറുകൾക്കകം കാണാതായ 9 മാസം പ്രായമായ കുഞ്ഞിനെ പൊള്ളാച്ചിയിൽ നിന്നും കണ്ടെത്തി. കോട്ടയം പോലീസ് ചീഫ് കെ.കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ നീക്കമാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. ശനിയാഴ്ച പെരുവയിലാണ് സംഭവം. മുളക്കുളം പഞ്ചായത്താഫീസിന് സമീപം ആക്രി വ്യാപാരം നടത്തുന്ന തമിഴ്നാട് തിരുനൽവേലി സ്വദേശികളായ കാർത്തിക്-കൃഷ്ണമ്മാൾ ദമ്പതികളുടെ 9 മാസം പ്രായമായ പെൺകുഞ്ഞിനെയാണ് കാണാതായത്. കാർത്തിക് ഭാര്യയുമായി പിണങ്ങി മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് കുഞ്ഞുമായി കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അസുഖ ബാധിതനായ കാർത്തിക് കുഞ്ഞിനെ നോക്കി വീട്ടിൽ ഇരിപ്പായിരുന്നു. ആക്രി കച്ചവടത്തിന് പോയ ഭാര്യ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും കാണാതായ വിവരം അറിയുന്നത്. സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധുക്കളുടെ വീടുകളിൽ തിരക്കിയെങ്കിലും കണ്ടെത്താത്തതിനെതുടർന്ന് വൈകുന്നേരം വെള്ളൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാർത്തിക്കിൻ്റെ അമ്മയും സഹോദരങ്ങളും താമസിക്കുന്ന പൊള്ളാച്ചിയിലേക്ക് പോകുന്നതായി കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുവയിൽ നിന്നും കുത്താട്ടുകുളം ഭാഗത്തേക്കുള്ള ബസിൽ കയറുന്നത് സി.സി.ടി.വി.യിൽ കണ്ട പോലീസ്. പിന്നീട് കൂത്താട്ടുകുളത്തും, ത്യശൂരിലും, പാലക്കാട്ടും കുഞ്ഞുമായി ബസ് ഇറങ്ങുന്നത് ബസ് സ്റ്റാൻഡിലെ സി.സി.ടി.വി.യിൽ കണ്ടു. തുടർന്ന് പൊള്ളാച്ചിയിൽ താമസിക്കുന്ന അമ്മയെയും സഹോദരനുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. പോലിസ് പുറകെ ഉണ്ടെന്നറിഞ്ഞ കാർത്തിക് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച ശേഷം മുങ്ങി. രാത്രി വൈകി പൊള്ളാച്ചിയിലെത്തിയ വെള്ളുർ പോലീസ് സംഘം ഞായറാഴ്ച പുലർച്ചെ മൂന്നോടെ തിരിച്ചെത്തി.
കാർത്തിക്കിനോട് ഇന്ന് വെളളൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകൻ പോലീസ് അമ്മയെ അറിയിച്ചു.
വൈദ്യ പരിശോധനക്ക് ശേഷം ഇന്നലെ രാവിലെ കുഞ്ഞിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വെള്ളൂർ എസ്.ഐ. കോളി, എ.എസ്.ഐ. രാംദാസ്, സി.പി.ഒ.മാരായ സുമൻ, സജിഷ് കെ.പി. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പൊള്ളാച്ചിയിലേക്ക് പോയത്.