ഹെൽത്ത് ഡെസ്‌ക്
ജാഗ്രതാ ന്യൂസ്
ഒരു സംഘം ആളുകൾ കൂടിയിരിക്കുന്ന സ്ഥലമാണെങ്കിലും അവിടെ ചിലരെ മാത്രം കൊതുകുകൾ തെരഞ്ഞെടുത്ത് കടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന് പിന്നിൽ പല ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഉച്ഛ്വാസവായുവിൽ നിന്നുള്ള ഗന്ധം , വിയർപ്പിന്റെ ഗന്ധം, ചർമ്മത്തിന്റെ താപനില എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിൽ പ്രധാനം. ഇക്കൂട്ടത്തിലേക്ക് മറ്റൊരു ഘടകം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് പുതിയൊരു പഠനം. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ.
കൊതുക്, ചോരയ്ക്ക് വേണ്ടി മനുഷ്യരെ തെരഞ്ഞെടുക്കുന്നതിൽ നിറങ്ങൾക്കും പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. അതായത്, മനുഷ്യരുടെ ചർമ്മത്തിന്റെ നിറം ഇവരുടെ കണ്ണിൽ ചുവപ്പ്, ഓറഞ്ച് പോലുള്ള കടുത്ത നിറങ്ങളായിട്ടാണ്രേത മനസിലാവുക. ഒരു സിഗ്‌നൽ പോലെ. ഒപ്പം തന്നെ നമ്മൾ ഉച്ഛ്വാസവായുവിലൂടെ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡ് കൊതുകുകളെ നമ്മെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുവപ്പ്, ഓറഞ്ച്, കറുപ്പ്, സയൻ നിറങ്ങളെല്ലാം കൊതുകിനെ എളുപ്പത്തിൽ ആകർഷിക്കുമത്രേ. അതേസമയം പച്ച, പർപ്പിൾ, നീല, വെള്ള നിറങ്ങൾ കൊതുകുകളെ അത്ര പെട്ടെന്ന് ആകർഷിക്കില്ലെന്നും പഠനം പറയുന്നു. ഇതിനാൽ ചർമ്മം മൂടുന്ന തരത്തിൽ ഈ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒരു പരിധി വരെ കൊതുകിന്റെ ആക്രമണത്തിൽ നിന്ന് നമ്മെ രക്ഷിച്ചേക്കാമെന്നാണ് ഗവേഷകർ വാദിക്കുന്നത്. അതുപോലെ മൊസ്‌കിറ്റോ റിപലന്റ്സിലൂടെ ഗന്ധം മാറ്റിയെടുത്ത് കൊതുകുകളെ വികർഷിക്കാനും സാധിക്കും. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങൾ വന്നിട്ടുള്ളത്.