ചിങ്ങവനം: യുവതിയെയും ഭർത്താവിനെയും മകനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ചെത്തിപ്പുഴ പുതുച്ചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ നൗഷാദ് മകൻ ശങ്കരൻ എന്ന് വിളിക്കുന്ന നെഹീദ് നൗഷാദ് (25), പനച്ചിക്കാട് കുഴിമറ്റം എസ്.എൻ.ഡി.പി ഭാഗത്ത് ഉഷസ് നിവാസിൽ പ്രസാദ് മകൻ കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന അഫ്‌സൽ (22), കുറിച്ചി ഇത്തിത്താനം എസ്.പുരം ഭാഗത്ത് അഖിൽ നിവാസ് വീട്ടിൽ സുരേഷ് മകൻ അഖിൽ എസ്.നായർ (20) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ രാത്രി 11.30 മണിയോടുകൂടി യുവതിയുടെ വീടിന്റെ മുൻവശത്ത് വച്ച് കാറിൽ ഇരുന്ന് ബഹളം വയ്ക്കുകയും, ഇത് ചോദിക്കാൻ ചെന്ന യുവതിയെയും, ഭർത്താവിനെയും, മകനെയും പ്രതികൾ മൂന്നുപേരും ചേർന്ന് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ കുറിച്ചി റെയിൽവേ ട്രാക്കിന് സമീപം വച്ച് പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ അഫ്‌സലിന് കൈനടി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലായി മോഷണം, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ നെഹീദിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ സുദീപ് പി, സി.പി.ഓ മാരായ ജസ്റ്റിൻ, പ്രകാശ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽഹാജരാക്കി.