കോട്ടയം: സുഹൃത്തുക്കളുമായി ബാറിൽ പോയുള്ള മദ്യപാനം അടക്കം ഭർത്താവ് ചോദ്യം ചെയ്തതിനു പിന്നാലെ അച്ഛനൊപ്പം ചേർന്ന് ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ യുവതി യുകെയിലേയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലായി. ചിങ്ങവനം സ്വദേശിനിയായ സാറാ സണ്ണിയെയാണ് ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ അച്ഛൻ സണ്ണി കുര്യൻ ഒളിവിലാണ്. യുകെയിലേയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷൻ വിഭാഗം അറിയിച്ചത് അനുസരിച്ചാണ് ചിങ്ങവനം പൊലീസ് സാറാ സണ്ണിയെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. സാറായും തിരുവാതുക്കൽ സ്വദേശിയായ ഭർത്താവും തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി പ്ര്ശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായി സാറയും അച്ഛനും ചേർന്ന് ഭർത്താവിനെ ചിങ്ങവനത്തേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. ചിങ്ങവനം പഴയ സെന്റ് ജോർജ് തീയറ്ററിനു സമീപം ഇരുവരും ചേർന്ന് ഭർത്താവിനെ വിളിച്ചു വരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, ഇദ്ദേഹത്തെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഒരു ദിവസം ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിലേയ്ക്കു മടങ്ങി. എന്നാൽ, വീട്ടിൽ എത്തിയ ശേഷവും തല വേദന കുറയാതെ വന്നതോടെ ഇദ്ദേഹം കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇവിടെ സ്‌കാൻ ചെയ്തതോടെയാണ് തലയോടിന് പൊട്ടലുണ്ടെന്നു കണ്ടെത്തിയത്. ഇതിനിടെ ചിങ്ങവനം പൊലീസ് യുവാവിന്റെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന്, പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെയാണ് വിമാനത്താവളം വഴി യുകെയിലേയ്ക്കു രക്ഷപെടാൻ ശ്രമിച്ച സാറയെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്. തുടർന്ന്, ചിങ്ങവനം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം കോട്ടയം നഗരത്തിലെ ബാറുകളിൽ രാത്രിയിൽ പോകുകയും, സ്ഥിരമായി മദ്യപിക്കുകയും ചെയ്തിരുന്ന ഭാര്യയെ വിലക്കിയാണ് തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായതെന്നു യുവാവ് പറഞ്ഞു.