ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകനെ തല്ലിയ ജോൺ ബോസ്കോ സ്ഥിരം പ്രശ്നക്കാരൻ ; മുൻപ് സസ്പെൻഷനിലായത് ശബരിമല നാമജപ ഘോഷയാത്രക്കാരെ അസഭ്യം പറഞ്ഞതിന്റെ പേരിൽ: പൊലീസുകാരുടെ തമ്മിൽ തല്ലിൽ അന്വേഷണം ആരംഭിച്ച ചങ്ങനാശ്ശേരി ഡിവൈഎസ്പി

കോട്ടയം : ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകരെ മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ ജോൺ ബോസ്കോ സ്ഥിരം പ്രശ്നക്കാരൻ എന്ന് റിപ്പോർട്ട്. ശബരിമല നാമജപ ഘോഷയാത്രക്കാരെ അസഭ്യം പറയുകയും, ഇവരുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തതിന്റെ പേരിൽ മുൻപ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. നാലുമാസമാണ് ഈ തർക്കത്തിന്റെ പേരിൽ അദ്ദേഹം സസ്പെൻഷനിൽ കഴിഞ്ഞത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനുശേഷം വീണ്ടും സർവീസിൽ എത്തിയപ്പോഴാണ് ഇപ്പോൾ ചിങ്ങവനത്ത് സഹപ്രവർത്തകനെ മറിച്ച് സസ്പെൻഷനിൽ ആയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വച്ചാണ് സിവിൽ പോലീസ് ഓഫീസർമാരായ ജോൺ ബോസ്കോയും , സുധീഷ് കുമാറും തമ്മിലടിച്ചത്. 

Advertisements

ചിങ്ങവനം സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ വച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോൺ ബോസ്കോ സുധീഷിനെതിരെ  വോയിസ് മെസ്സേജ് ഇട്ടു.  സുധീഷ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ജോൺ ബോസ്കോയും സുധീഷ് തമ്മിൽ സ്റ്റേഷനുള്ളിൽ വെച്ച് അടിപിടി ഉണ്ടായി. ഇതിനിടെ ജനൽ പാളിയിൽ തലയിടിച്ചാണ് സുധീഷിന് പരിക്കേറ്റത്. ആലപ്പുഴ പല്ലന തൃക്കുന്നപ്പുഴ സ്വദേശിയായ സുധീഷ് 2009 ൽ കെഎപി രണ്ടാം ബറ്റാലിയൻ ജോലിക്ക് കയറിയതാണ്.  2009 ൽ കെപി അഞ്ചാംബറ്റാലിയനിൽ ജോലിക്ക് കയറിയ ജോൺ ബോസ്കോ ആലപ്പുഴ ജില്ലയിൽ തിരുവമ്പാടി സ്വദേശിയാണ്. രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും ഇന്നലെത്തന്നെ ജില്ലാ പോലീസ് മേധാവി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Hot Topics

Related Articles