കോട്ടയം: സ്കൂട്ടറിൽകറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന ആൾ പിടിയിൽ. വാഴപ്പള്ളി പടിഞ്ഞാറ് ശങ്കരമംഗലം ഭാഗത്ത് പുത്തേട്ടു കളത്തിൽ വീട്ടിൽ പുഷ്ക്കരൻ മകൻ പ്രിയൻ (28) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് വച്ച് ഇടവഴിയിലൂടെ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയുടെ മാലയാണ് സ്കൂട്ടറിൽ എത്തി ഇയാൾ പൊട്ടിച്ചെടുത്തത്.മോഷണത്തിനുശേഷം കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു.
ചങ്ങനാശ്ശേരി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷാം,തോമസ് സ്റ്റാൻലി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്തി പ്രതിയെ ഉടൻ തന്നെ പിടികൂടിയ അന്വേഷണ സംഘത്തിന് പാരിതോഷികമായി ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായും എസ്.പി പറഞ്ഞു.