തിരുവനന്തപുരം :സി.പി.എം പി.ബിയിൽ നിന്ന് കത്ത് ചോർന്ന വിവാദത്തിൽ സംസ്ഥാന സെക്രട്ടറിയുടെ വക്കീൽ നോട്ടിസ് ലഭിച്ചെന്ന് മുഹമ്മദ് ഷർഷാദ്. വിഷയത്തിൽ കുടുംബം തകർത്തവന് ഒപ്പമാണ് പാർട്ടിയെന്നു ഷർഷാദ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ഇങ്ങനെയെങ്കിൽ പാർട്ടിയോട് ഗുഡ്ബൈ പറയേണ്ടിവരും. ‘കോടതിയിൽ കാണാം’.
കുടുംബത്തേക്കാൾ വലുതല്ല സെക്രട്ടറിയുടെ മകനെന്നും ഷർഷാദ് കുറിച്ചു.കഴിഞ്ഞ ദിവസമാണ് ഷർഷാദിന് എം.വി.ഗോവിന്ദൻ വക്കീൽ നോട്ടിസ് അയച്ചത് . ആരോപണം പിൻവലിച്ച് മൂന്നുദിവസത്തിനകം മാപ്പുപറയണമെന്നാണ് ആവശ്യം. എന്നാൽ വിവാദത്തിൽ എം.വി.ഗോവിന്ദൻ ഇതുവരെ പ്രതികരിച്ചില്ല. പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് മറ്റു നേതാക്കളുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കത്ത് ചോർന്ന വിവാദത്തിൽ ഉൾപ്പെട്ട വ്യവസായികളായ രാജേഷ് കൃഷ്ണയും മുഹമ്മദ് ഷർഷാദും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നതിന് തെളിവായി ശബ്ദരേഖ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. രണ്ട് വർഷം മുൻപുള്ള സംഭാഷണം രാജേഷ് കൃഷ്ണയാണ് ഫേസ്ബുക്കിലിട്ടിരുന്നത്.
വ്യക്തിപരമായ പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാനായി ഷർഷാദ്, രാജേഷ് കൃഷ്ണയെ ക്ഷണിക്കുന്നതും ഇരുവരും തമ്മിൽ തർക്കിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. നേരത്തെ ഷർഷാദിന്റെ മുൻഭാര്യയും സംവിധായികയുമായ പി.ടി.റത്തീനയും ഇരുവരും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമെന്ന് പറഞ്ഞിരുന്നു