കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം നൽകിയും അർഹരായവരെ സ്വാധീനിച്ചും ഉദ്ദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം കളക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോട്ടയം കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
സി എം ഡി ആർ എഫ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ധനസഹായം ഏർപ്പാടാക്കി കൊടുക്കുന്നതിന് ഏജന്റുമാർ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. ഇത്തരം ഏജന്റുമാർ മുഖന സമർപ്പിക്കുന്ന അപേക്ഷകളിൽ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും വ്യാജമായിരിക്കും. അർഹരായ അപേക്ഷകരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് അവരെകൊണ്ട് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം അപേക്ഷകളിൽ അപേക്ഷ നൽകുന്ന വ്യക്തിയുടെ പേര് കാണില്ലെന്നും പകരം ഏജന്റിന്റെ ഫോൺ നമ്പരാണ് വയ്ക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തുക പാസ്സായി കഴിയുമ്പോൾ അപേക്ഷകനെ സമീപിച്ച് 50 ശതമാനം കൈപ്പറ്റുന്നതായും അർഹരല്ലാത്തവർക്കാണ് ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ധനസഹായം ലഭിക്കുന്നത് എന്നതിനാൽ ആരും പരാതിയുമായി മുന്നോട്ട് പോകാറില്ലെന്നും വിജിലൻസ് കണ്ടെത്തി.
ഇത്തരം ഏജന്റുമാരുടെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയും അറിവും ഉണ്ടെന്നും വിവരമുണ്ട്. കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ ധനസഹായത്തിനായി സമർപ്പിക്കപ്പെടുന്ന അപേക്ഷകരുടെ വിവരങ്ങൾ , സെക്ഷനിലെ ഉദ്യോഗസ്ഥരിൽ നിന്നും ഏജന്റുമാരും ചില ഉദ്ദ്യോഗസ്ഥരും ചോർത്തിയെടുക്കുന്നതായും കണ്ടെത്തി. തുടർന്ന് അപേക്ഷകരെ ബന്ധപ്പെട്ട് തങ്ങളുടെ സ്വാധീനമുപയോഗിച്ച് ശരിയാക്കി നൽകാമെന്ന് അപേക്ഷകരെ പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും പണം തട്ടിയെടുക്കും. അപേക്ഷകരിൽ നിന്നും തുക കൈപ്പറ്റി കലക്ടറേറ്റിലെ ഉദ്യോഗസ്ഥരിൽ ചിലർ വീതം വച്ചെടുക്കുന്നതായും രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
കൂടാതെ ഇത്തരത്തിലുള്ള ഏജന്റുമാർക്ക് സ്ഥിരമായി ചില ഡോക്ടർമാർ സ്ഥിരമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകി വരുന്നതായും കണ്ടെത്തി. സംസ്ഥാനത്തെ പല ഡോക്ടർമാരും ഇത്തരത്തിൽ വ്യക്തമായ പരിശോധനകൾ കൂടാതെയും രോഗികളെ കാണുക കൂടി ചെയ്യാതെയും പണം കൈപ്പറ്റി സർട്ടിഫിക്കറ്റുകൾ നൽകി വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.