കോട്ടയം: അക്ഷരനഗരി എന്ന ഖ്യാതി കോട്ടയം നേടുന്നതിന് വഴിയൊരുക്കിയ ബെഞ്ചമിൻ ബെയിലിയുടെ സ്മരണാർത്ഥം സി എം എസ് കോളജ് 1983 മുതൽ പ്രതിവർഷം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ബെഞ്ചമിൻ ബെയിലി സ്മാരക പ്രഭാഷണം ഗ്രേറ്റ് ഹാളിൽ 14 – ന് രാവിലെ 10.00 ന് ഡോ. കിരൺ ബേദി നടത്തും. മിഷണറി പ്രവർത്തനത്തിനായി 1816 ൽ കേരളത്തിൽ എത്തിയ ബെയിലി ഇന്നത്തെ സി എം എസ് കോളജിന്റെ പൂർവ്വരൂപമായ കോട്ടയം കോളേജിന്റെ സാരഥ്യം ഏറ്റെടുത്തതോടെ കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു .കോട്ടയത്ത് സി എം എസ് പ്രസ് സ്ഥാപിച്ച് കേരളത്തിൽ മലയാളം അച്ചടിക്ക് ആരംഭം കുറിച്ചു. മലയാളം അച്ചടിയക്ഷരങ്ങളെ വർത്തുളാകൃതിയിൽ ആക്കുകയും മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും പ്രസിദ്ധീകരിച്ചതോടൊപ്പം പരിഭാഷകളിലൂടെ ശൈലീ ശുദ്ധമായ ആധുനിക മലയാള ഗദ്യ ഭാഷ ഉറപ്പിക്കുകയും ചെയ്തു .
ടോക്സ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബെഞ്ചമിൻ ബെയിലി സ്മാരക പ്രഭാഷണത്തിന് സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പും കോളേജ് മാനേജരുമായ റൈറ്റ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ‘പോലീസ്, പൊതുജനം, നയം: നേതൃത്വത്തിലും രാഷ്ട്ര നിർമ്മാണത്തിലും എന്റെ പാഠങ്ങൾ’ എന്ന വിഷയത്തിൽ ഇന്ത്യയിലെ ആദ്യ വനിത ഐ പി എസ് ഉദ്യോഗസ്ഥയായ ഡോ. കിരൺ ബേദി പ്രഭാഷണം നടത്തും. ടോക്സ് ഇന്ത്യാ സ്ഥാപകൻ ഡോ.ഫാദർ ഏബ്രഹാം മുളമൂട്ടിൽ ചർച്ചയ്ക്ക് നേതൃത്വം നൽകും . പ്രിൻസിപ്പൽ ഡോ.അഞ്ജു ശോശൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ഡോ.അലീന മനോഹരൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ബഞ്ചമിൻ ബെയിലി ലക്ചർ കൺവീനർ ഡോ. വിജോ തോമസ് കുര്യൻ എന്നിവർ പ്രസംഗിക്കും .എം.ജി.സർവകലാശാല ബെഞ്ചമിൻ ബെയിലി ചെയർ അധ്യക്ഷൻ മലയാള വിഭാഗം മുൻ മേധാവി ഡോ. ബാബു ചെറിയാനെ ആദരിക്കും.
മുൻ രാഷ്ട്രപതി കെ .ആർ .നാരായണൻ, ഡോ. ഇ.സി.ജി .സുദർശൻ, ഡോ.ജി .മാധവൻ നായർ ,പ്രൊഫ.യശ് പാൽ തുടങ്ങിയ ഒട്ടേറെ പ്രമുഖർ മുൻവർഷങ്ങളിൽ ബെയിലി സ്മാരക പ്രഭാഷണം നടത്തിയിട്ടുണ്ട്.