കോട്ടയം : ശാസ്ത്രവും വിവരസാങ്കേതികവിദ്യയും വളർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനൂതന കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് കരിയർ ഗൈഡൻസിലൂടെ കുട്ടികളെ പ്രാപ്തമാക്കണമെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ അക്ഷരനഗരിയാക്കുന്നതിൽ സി.എം.എസ് സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോയും പ്രകാശനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ജോർജ്ജ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കഠിനാധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ആഘോഷമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത് എന്ന് സി.എം.എസ് സ്കൂൾ കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ മുഖ്യസന്ദേശത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ എലിസബെത്ത് ജിസ് നൈനാൻ, റവ ഡോ. കെ.റ്റി കുര്യൻ, ഡോ. ജെഗി ഗ്രേസ് തോമസ് , സക്കീർ ചങ്ങമ്പള്ളി, ജോർജ്ജ് വർഗീസ്, പി. കെ. ജേക്കബ്, കവിത ഐസക് എന്നിവർ പ്രസംഗിച്ചു. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ അധ്യാപകർ, അനധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി റ്റി എ , മാനേജ്മെൻ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.