85 ലെത്തി തേങ്ങ വില : കർഷകർക്ക് സന്തോഷം : ഞെട്ടി ഹോട്ടലുകാരും സാധാരണക്കാരും

തൃശൂർ: നാളികേരം കിട്ടണമെങ്കില്‍ 75 മുതല്‍ 85 രൂപ വരെ കൊടുക്കണം. ഇടയ്ക്ക് നൂറ് വരെയെത്തി. വില കുതിച്ചുയർന്നതോടെ കർഷകർക്ക് സന്തോഷമായെങ്കിലും ഹോട്ടലുകാരും കാറ്ററിംഗുകാരും എന്ത് ചെയ്യണമെന്നറിയാതെ വട്ടം തിരിയുകയാണ്.പച്ചക്കറികളുടെയും മറ്റു സാധനങ്ങളുടെയും വില ഉയരുമ്ബോള്‍ അതിന്റെ പേരില്‍ വില കൂട്ടാറുണ്ട്. എന്നാല്‍ നാളികേരത്തിന്റെ വില പ്രകാരം വിലപ്പട്ടിക പുതുക്കാനാകാത്ത സാഹചര്യമാണ്.

Advertisements

കറികളില്‍ നാളികേരം അരച്ചു ചേർക്കുന്നതും നാളികേര പാല്‍ ഒഴിക്കുന്നതും പേരിന് മാത്രം ആക്കേണ്ട ഗതികേടിലാണ്. പൊതുവേ വിഷു വിപണി അടുക്കുന്നതോടെ പച്ചക്കറികള്‍ക്ക് വില കൂടാറുണ്ടെങ്കിലും നാളികേരത്തിന് വലിയ മാറ്റം ഉണ്ടാകാറില്ല. ഇത്തവണ നാളികേരമാണ് താരമായത്. നിലവില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 75 രൂപ വരെയാണ് നാളികേര വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ നാളികേരം ചേരാത്ത കറികള്‍ വയ്ക്കാൻ പഠിക്കുകയാണ് മലയാളികള്‍. കാറ്ററിംഗുകാരുടെ സ്ഥിതിയും മറിച്ചല്ല. രുചി പ്രധാനമായതിനാല്‍ കറികളില്‍ നാളികേര പാല് ചേർക്കാനാകാത്ത അവസ്ഥയിലുമാണ്.

നാളികേരത്തിന് വില ഒട്ടുമില്ലാതിരുന്ന സാഹചര്യത്തില്‍ ഏറെ സമ്മർദ്ദം ചെലുത്തിയാണ് താങ്ങുവില 28 രൂപയെങ്കിലുമാക്കി ഉയർത്തിയത്. മലയണ്ണാന്റെ ശല്യം വർദ്ധിച്ചതും നാളികേരത്തിന്റെ ഉത്പാദനം കുറയുകയും ചെയ്തതോടെ നാളികേരം കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവില്‍ സംസ്ഥാനത്തിന് പുറത്തുനിന്നാണ് നാളികേരം ജില്ലയിലെത്തുന്നത്. നാളികേരത്തിന്റെ വില ഉയർന്നതോടെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില ഉയർന്നു.

ഹോട്ടല്‍ രംഗം കടുത്ത പ്രതിസന്ധിയിലാണ്. നേരത്തെ സവാളയായിരുന്നു കരയിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നാളികേരമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. വിപണിയില്‍ നിന്ന് കിട്ടുന്ന നാളികേര പാലിനടക്കം വിലയാണ്. നഷ്ടം സഹിച്ചാണ് മാസങ്ങളായി ഹോട്ടലുകള്‍ പ്രവർത്തിക്കുന്നത്. ഇതിന്റെ പേരില്‍ വില കൂട്ടാനൊന്നും സാധിക്കില്ല. ഇക്കാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞാല്‍ മനസിലാകുകയുമില്ല.

Hot Topics

Related Articles