ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിൽ വന്യജീവി പ്രശ്നം ഉയർത്തി പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനം. ഭൂപ്രശ്നങ്ങളിൽ റവന്യൂ വകുപ്പിനും വന്യജീവി പ്രശ്നത്തിൽ വനം വകുപ്പിനെതിരെയും വിമർശനമുണ്ടായി. പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ചയിലാണ് പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നത്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്നായിരുന്നു ഒരു വിമർശനം. ജില്ലയിൽ പട്ടയ വിതരണം അവതാളത്തിലാണെന്നും ഇതിന് ഉദ്യോഗസ്ഥരെ മാത്രം പഴിചാരി മുന്നോട്ടുപോകാൻ കഴിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റവന്യൂ – വനം വകുപ്പുകൾ തമ്മിൽ ഐക്യമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുവെവന്നും വിമർശനമുണ്ടായി. ഭൂ പതിവ് ചട്ട ഭേദഗതിയിൽ അന്തിമ തീരുമാനമാകാത്തത് വലിയ ആശങ്കയാണെന്നും അണക്കെട്ടുകളോട് ചേർന്ന് കിടക്കുന്ന 10 ചെയിൻ മേഖലകളിൽ പട്ടയ വിതരണം പൂർത്തിയാക്കാത്തത് ആശങ്കയുളവാക്കുന്നുണ്ടെന്നതും പ്രതിനിധികൾ കുറ്റപ്പെടുത്തി.
നെടുങ്കണ്ടം, മറയൂർ ഏരിയകളിലെ പ്രതിനിധികളാണ് ചർച്ചയിൽ വിമർശനമുന്നയിച്ചത്. വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയത് കൊണ്ട് മാത്രം കാര്യമില്ലെന്നായിരുന്നു മറ്റൊരു വിമർശനം. മനുഷ്യ ജീവൻറെ വില പത്തുലക്ഷം രൂപയല്ലെന്നും പ്രതിനിധികൾ പറഞ്ഞു.
പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ച നാളെയും തുടരും. മലയോര മേഖലകളിൽ ഉൾപ്പെടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമ്മേളന പ്രതിനിധികളോട് പറഞ്ഞു. പലർക്കും പാർട്ടി വിദ്യാഭ്യാസം നൽകേണ്ടതുണ്ട്.