വെള്ളാപ്പള്ളിയ്ക്ക് വേണ്ടി മുസ്ലിം ലീഗിനെ തള്ളി കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി ജീരാജ് : കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിനുള്ളിൽ അമർഷം പുകയുന്നു : കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റിൻ്റെ പിൻതുണ എസ് എൻ ഡി പി യ്ക്കോ യു ഡി എഫിനോ എന്ന ചോദ്യവുമായി അണികൾ

കാഞ്ഞിരപ്പള്ളി : വെള്ളാപ്പള്ളി നടേശന് വേണ്ടി യു ഡി എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിനെയും മുസ്ലീം യൂത്ത് ലീഗിനെയും പൊതുവേദിയിൽ വിമർശിച്ച കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി ജീരാജിനെതിരെ യു ഡി എഫിൽ പൊട്ടിത്തെറി. അഡ്വ പി ജീരാജിന്റെ പ്രവർത്തന രീതിക്കെതിരെ ശക്തമായി പ്രതിക്ഷേധമാണ് പ്രവർത്തകർക്കിടയിലും,മുന്നണിയുടെ ഘടകകക്ഷികൾക്കിടയിലും, കോൺഗ്രസിനെയും യുഡി എഫിയയും വിശ്വസിക്കുന്ന പൊതുജനങ്ങൾക്കിടയിലും ഉയർന്ന് വന്നിട്ടുള്ളതെന്ന വിമർശനം ആണ് ഉയരുന്നത്.

Advertisements

കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം വഹിക്കുമ്പോൾ തന്നെ അദ്ദേഹം എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയായി കൂടി പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിന്റെ ഭൂരിപക്ഷ സമയവും അദ്ദേഹം തന്റെ സമുദായ സംഘടനക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും താല്പര്യങ്ങളേക്കാൾ അദ്ദേഹം എസ്എൻഡിപിയുടെ താൽപര്യങ്ങളാണ് മുൻഗണന നൽകുന്നതെന്ന വിമർശനം ആണ് പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞദിവസം എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രതികരിച്ച മുസ്ലിം ലീഗ്/ യൂത്ത് ലീഗ് സംഘടനകൾക്കെതിരെ എസ്എൻഡിപി മുണ്ടക്കയം യൂണിയൻ നടത്തിയ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകിയത് യൂണിയൻ സെക്രട്ടറി എന്ന നിലയിൽ പി ജീരാജ് ആണ്. ഈ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസംഗം മുസ്ലിം ലീഗ് എന്ന യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവർത്തകർക്ക് മാത്രമല്ല യുഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയവേദന ഉണ്ടാക്കിയിട്ടുണ്ടെന്നും നേതാക്കളും പ്രവർത്തകരും പറയുന്നു.

കോൺഗ്രസിന്റെ നേതാവായിരിക്കെ യുഡിഎഫ് ഘടകകക്ഷിക്കെതിരേ സമുദായ സംഘടനയുടെ ഭാഗമായി പ്രകടനം നയിക്കുകയും പ്രസംഗിക്കുകയും ചെയ്തത് പൊതുസമൂഹത്തിനിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ജീരാജുമായി തുടർന്ന് സഹകരിക്കണ്ട എന്ന തീരുമാനം മുസ്ലിം ലീഗ് ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്. സമാനമായി 2020 ജൂൺ മാസത്തിൽ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ചേർപ്പുങ്കൽ ബി വി എം കോളേജിൽ യൂണിവേഴ്സിറ്റി പരീക്ഷക്കിടയിൽ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് അഞ്ജു പി. ഷാജി കോപ്പി അടിച്ചതുമായ ആരോപണത്തെതുടർന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രകടനം നടത്തുന്നതിന് ജീരാജ് നേതൃത്വം നൽകി.

കൂടാതെ മാധ്യമങ്ങൾ വഴി കത്തോലിക്കാ സഭയേയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇത് കോൺഗ്രസിനെ പിന്തുണക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ രൂപതയുടെ കീഴിൽ വരുന്ന പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ടോമി കല്ലാനിയുടെ പരാജയത്തിൻ്റെ ഒരു പ്രധാന കാരണം ജീരാജ് നടത്തിയ ഈ പരാമർശങ്ങളാണ് എന്ന വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലിനൊപ്പം അഡ്വ പി ജീരാജ് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. അന്ന് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആയിരുന്നു ജീരാജ്. ജീരാജിനൊപ്പം വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കുന്ന ഫോട്ടോ സെബാസ്റ്റ്യൻ കുളത്തുങ്കൽ തൻ്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും അത് വ്യാപകമായി ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പ്രവർത്തകർ യുഡിഎഫിനെ ആക്രമിക്കുന്നതിനു വേണ്ടി ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ജിരാജിനെതിരെ വലിയ വിമർശനമാണ് അന്ന് കോൺഗ്രസ്/ യുഡിഎഫ് പ്രവർത്തകർക്കിടയിൽ ഉണ്ടായത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഡ്വ പി ജീരാജ് മത്സരിക്കുവാൻ ആഗ്രഹിച്ച ബ്ലോക്ക് പഞ്ചായത്ത് സീറ്റ് പാർട്ടി നൽകിയില്ല എന്നു പറഞ്ഞുകൊണ്ട് എസ്എൻഡിപി ഹൈറേഞ്ച് യൂണിയന് കീഴിലുള്ള ആറോളം പഞ്ചായത്തുകളിൽ കോൺഗ്രസ് മത്സരിപ്പിച്ച കത്തോലിക്ക സമുദായത്തിൽ പെടുന്ന സ്ഥാനാർത്ഥികൾക്കെതിരെ വലിയ പ്രചരണം ജീരാജിന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ടിരുന്നതായും ആരോപണം ഉണ്ട്. കോൺഗ്രസിലെ കത്തോലിക്ക സമുദായത്തിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് കാഞ്ഞിരപ്പള്ളി ബിഷപ്പ് ആണ് അതുകൊണ്ട് അതിനെതിരെ പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജീരാജിന്റെ ശബ്ദ സന്ദേശം വളരെ വ്യാപകമായി ഈ പ്രദേശങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളിയിലും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം മതസ്പർദ്ധ ഇളക്കിവിടുന്ന രീതിയിലുള്ള ഇതുപോലെയുള്ള കുൽസിത പ്രവർത്തനമാണെന്നും വിമർശനം ഉണ്ട്.

ഇതിന് മുൻപ് നടന്ന പുന:സംഘടനയിൽ ജീരാജിനെ ബ്ലോക്ക് പ്രസിഡന്റാക്കുവാൻ സ്ഥലം എം പി ശക്തമായ സമ്മർദം ചെലുത്തിയപ്പോൾ ജീരാജ് മുൻപ് നടത്തിയ വർഗീയ പരാമർശങ്ങളും ,കോൺഗ്രസിന്റെ മതേതര കാഴ്ച്ചപ്പാടിന് വിരുദ്ധമായ പ്രവർത്തനങ്ങളും മൂലം കാഞ്ഞിരപ്പള്ളി പോലുള്ള ഒരു ബ്ലോക്കിന്റെ പ്രസിഡന്റു സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്ന തീരുമാനം നേതൃത്വം എടുക്കുകയായിരുന്നു. എന്നാൽ ഒടുവിൽ നടന്ന പുന:സംഘടനയിൽ ബഹുഭൂരിപക്ഷം വരുന്ന എതിർപ്പുകളേയും അവഗണിച്ചുകൊണ്ട് സ്ഥലം എംപി ആന്റോ ആൻറണി തന്റെ വ്യക്തിപരമായ താത്പര്യങ്ങൾക്കുവേണ്ടി ജീരാജിനെ
നിർബ്ദ്ധപൂർവ്വം പ്രസിഡൻറാക്കുവാൻ സർമ്മദ്ദം നടത്തുകയായിരുന്നു എന്നാണ് വാദം.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ വളരെ നിർജീവമാണെന്ന് പ്രവർത്തകർ പറയുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ വെറും അഞ്ചിൽ താഴെയിടങ്ങളിൽ മാത്രമാണ് മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങൾ നടന്നത്. 10% വാർഡ് കമ്മറ്റികൾ പോലും കെപിസിസി മാർഗ്ഗനിർദ്ദേശപ്രകാരം പുനസംഘടിപ്പിച്ചിട്ടില്ല. എഐസിസി സെക്രട്ടറി പി മോഹനൻ്റെ സാന്നിധ്യത്തിൽ ചേർന്ന ബ്ലോക്ക് കമ്മറ്റിയിൽ അദ്ദേഹം താക്കീത് നൽകിയിരുന്നു. പി ജീരാജ് പാർട്ടി പ്രവർത്തനത്തിന് കൂടുതൽ സമയം ചെലവഴിക്കുവാൻ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല പാർട്ടിയുടെ താൽപര്യങ്ങളെക്കാൾ പലപ്പോഴും സമുദായ സംഘടനയുടെ താൽപര്യത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നതാണ് ഈ പരാജയങ്ങൾക്ക് കാരണമെന്നാണ് ആരോപണം.

Hot Topics

Related Articles