കോട്ടയം : കോൺഗ്രസിലെ ഗ്രൂപ്പിനും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനും എതിരെ ആഞ്ഞടിച്ച് വി.എം സുധീരൻ. കോട്ടയം പ്രസ്ക്ലബിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിലെ ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ല. ഇത് യൂത്ത് കോൺഗ്രസിന് ഗുണമല്ല എന്ന് താൻ തിരഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. മെമ്പർഷിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്യുന്ന ഇത് ശരിയല്ല. ഇത് താൻ എല്ലാ വേദികളിലും മുൻപേ തന്നെ പറഞ്ഞിട്ടുണ്ട്. മനുഷ്യനുമായി ബന്ധപ്പെടാത്ത ഒരു സിസ്റ്റമാണ് ഇപ്പോൾ ഉള്ളത്. ഇങ്ങനെ ഒരു സംവിധാനം എവിടെയെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൽ നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പായി. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാർഥമായി ആഗ്രഹിച്ച ആളാണ് ഞാൻ. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോൾ സ്വാഗതം ചെയ്തത്. അത് തെറ്റാണ് എന്നു തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലന്നും സുധീരൻ പറഞ്ഞു. 2004ൽ തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ താല്പര്യമുണ്ടായിരുന്നില്ല. അന്ന് മത്സരിക്കേണ്ട ആയിരുന്നു എന്ന് പിന്നീട് തോന്നി. ഹൈകമാൻഡ് പ്രഖ്യാപിച്ചത് കൊണ്ടാണ് അന്ന് മത്സരിച്ചത്. മത്സരത്തിൽ ഇല്ല എന്ന് ഇതിനകം താൻ അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അടിച്ചമർത്തുന്നത് സിപി രാമസ്വാമിഅയ്യരുടെ ശൈലിയിൽ എന്ന് വി എം സുധീരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ല ഭരണം നടക്കുന്നത്. ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് സർക്കാർ ഒരു പിആർ ശൈലിയിൽ രംഗത്ത് വന്നത്. സർക്കാർ നടത്തുന്നത് പാഴ് വേലയാണ് എന്നും വി എം സുധീരൻ പറഞ്ഞു.