കോട്ടയം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേയ്ക്ക്. ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ കോട്ടയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിൻതുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള വിവിധ സ്ഥലങ്ങളിലാണ് കെ.സുധാകരനെ പിൻതുണച്ച് പോസ്റ്റർ എത്തിയത്. സേവ് കോൺഗ്രസ് രക്ഷാ സമിതി പൂഞ്ഞാർ എന്ന പേരിലാണ് ജില്ലയിലെ പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള സ്ഥലങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.




















പിണറായിയെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരാൻ നട്ടെല്ലുള്ള നായകൻ കെ.സുധാകരൻ എംപി കെ.പി.സി.സി പ്രസിഡന്റായി തുടരട്ടെ എന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റർ ഒട്ടിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൂഞ്ഞാറിലും, പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലും ആന്റോ ആന്റണിയ്ക്ക് എതിരെ കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോസ്റ്റർ പ്രചാരണവുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമാണ് ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന പ്രചാരണം സജീവമായത്. കെ.സുധാകരൻ മാറുമെന്ന രീതിയിലുള്ള പ്രചാരണം ഉണ്ടായപ്പോൾ തന്നെ കടുത്ത പ്രതിഷേധം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ കൂടുതൽ ശക്തമായത്. ആന്റോ ആന്റണി എം.പിയുടെ വീടിന്റെ ഭാഗത്ത് തന്നെ പോസ്റ്റർ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ആന്റോയെ കെ.പി.സി.സി പ്രസിഡന്റായി പ്രഖ്യാപിച്ചാൽ പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.