കോട്ടയം: സഭയും കോൺഗ്രസ് പാർട്ടിയും തമ്മിൽ നർക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ നേരിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ കോൺഗ്രസ് നേതാവ് വി.ടി ബെൽറാമിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.വി തോമസാണ് ഇപ്പോൾ പാർട്ടിയുടെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വി.ടി ബെൽറാം അടക്കമുള്ളവർ സഭയെ വിമർശിച്ചപ്പോഴാണ് പാലാ മണ്ഡലം പ്രസിഡന്റ് സഭയ്ക്ക് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പാലാ മണ്ഡലം പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
വിദ്വേഷ പ്രചാരണവും, വിശ്വാസ സംരക്ഷണവും തമ്മിൽ വേർതിരിച്ചറിയാനുള്ള വിവേകം രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടാവണം; തെറ്റായ ഉദാഹരണം മതേതര വാദികളായ ജനാധിപത്യ വിശ്വാസികളെ പാർട്ടിയിൽനിന്ന് അകറ്റും; മതേതരത്വം എന്ന ആശയത്തെ വിശ്വാസികളിൽ സംശയം ജനിപ്പിക്കാൻ ഉതകുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ട് ദുർബലപ്പെടുത്തരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതേതരത്വം മഹത്തരമായ ഒരു ആശയമാണ്. സ്വന്തം വിശ്വാസം മുറുകെ പിടിക്കുവാനും, അന്യരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുവാനും ഉള്ള അവകാശവും ഉത്തരവാദിത്വവും പൗരനു നൽകുന്ന മഹത്തരമായ ആശയം. അതുകൊണ്ടുതന്നെ സ്വന്തം അജപാലന ഗണങ്ങളുടെ വിശ്വാസ സംരക്ഷണാർത്ഥം നൽകുന്ന മുന്നറിയിപ്പുകളെ വിദ്വേഷ പ്രചരണം ആയി ചിത്രീകരിക്കുന്നതും മതേതരത്വത്തിന് എതിരാണ്. എല്ലാ പാർട്ടികളിലും വിവിധ മതങ്ങളിൽ പെട്ട വിശ്വാസികൾ ഉണ്ട്.
രാഷ്ട്രീയവും ഈശ്വരവിശ്വാസവും കൂട്ടി കലർത്താതെ ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന കേരള സമൂഹത്തിൽ മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന, അനാവശ്യമായി ആധ്യാത്മിക നേതാക്കളെ വിദ്വേഷ പ്രചാരകരായി ചിത്രീകരിക്കുന്ന രാഷ്ട്രീയനിലപാടുകൾ തിരുത്തപ്പെടേണ്ടതാണ്, ഇല്ലെങ്കിൽ അവയെ തുറന്ന് എതിർത്തുകൊണ്ട്, ഹൃദയത്തോടു ചേർത്തുവച്ച വിശ്വാസ സംരക്ഷണാർത്ഥം അഭിപ്രായപ്രകടനത്തിന് എളിയവരായ അണികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയേണ്ടി വരും.
അണികളെ സംഘപരിവാർ പാളയത്തിലേക്ക് ആട്ടിയോടിക്കുന്ന സമീപനം ഏതു നേതാവിൻറെ പക്കൽനിന്നും ഉണ്ടായാലും, രാഷ്ട്രീയ നഷ്ടങ്ങൾ നോക്കാതെ അതിനെ തുറന്ന് എതിർക്കാനുള്ള ആർജ്ജവം പാർട്ടിവിരുദ്ധയായി തെറ്റിദ്ധരിക്കരുത് എന്ന അപേക്ഷയും ഇതോടൊപ്പം വെക്കുന്നു, ഏതെങ്കിലും കാരണവശാൽ അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടാലും വിശ്വാസം കൈവിട്ട് മുന്നോട്ടു പോകുവാൻ ഉദ്ദേശിക്കുന്നില്ലാത്തതുകൊണ്ട് ഭയപ്പാട് ഇല്ലതാനും.
മുഖ്യമന്ത്രിയുടെ സോഷ്യൽ എൻജിനീയറിങ്ങിനെ കനത്ത ഭാഷയിൽ വിമർശിക്കുമ്പോൾ കാലഘട്ടത്തിന്റെ ആവശ്യകതയായ, പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ, കേരളത്തിൻറെ മഹത്തായ മാതൃകയായ യഥാർത്ഥ മതേതരത്വത്തിലേക്ക് മടങ്ങുവാൻ സാമൂഹ്യ ചർച്ചകളിലും, സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ സോഷ്യൽ റീ എൻജിനീയറിങ് അനിവാര്യതയാണെന്ന് കൂടി ഓർക്കുക. ഈ അനിവാര്യത നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് ഉണ്ട് എന്ന് മറക്കാതിരിക്കുക.
എന്നും, എപ്പോഴും വിശ്വാസികളെ നേർവഴിക്ക് നയിക്കുകയും, ഇതര മത വിശ്വാസങ്ങളോട് ബഹുമാനവും സഹിഷ്ണുതയും പുലർത്തുകയും ചെയ്യുന്ന പാലായുടെ അഭിവന്ദ്യനായ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുമേനിക്ക് ഐക്യദാർഢ്യം.
തോമസ് ആർ വി ജോസ്.