കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച(ജൂൺ 6) രാവിലെ 11.00 മണിക്കു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം നിർവഹിക്കും. ദിനാചാരണത്തിന്റെ ഭാഗമായി സെമിനാറും പൊതുസമ്മേളനവും പുരസ്‌കാരവിതരണവും നടക്കും. പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. എം.പി.മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. വി. ജോയി എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി എന്നിവർ വിശിഷ്ടാതിഥികളാകും.
സഹകരണസംഘം രജിസ്ട്രാറും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ ടി.വി. സുഭാഷ്, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ കെ.വി. സുധീർ, ചങ്ങനാശേരി സഹകരണ അർബൻ ബാങ്ക് ചെയർമാൻ എ.വി. റസൽ, പി.എ.സി.എസ്. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, സർക്കിൾ സഹകരണയൂണിയൻ ചെയർമാന്മാരായ അഡ്വ. പി. സതീഷ്ചന്ദ്രൻനായർ, ജോൺസൺ പുളിക്കിൽ, പി. ഹരിദാസ്, അഡ്വ. ബെജു കെ. ചെറിയാൻ, സംഘടനാഭാരവാഹികളായ കെ. പ്രശാന്ത്, കെ.കെ.സന്തോഷ്, ആർ.ബിജു എന്നിവർ പ്രസംഗിക്കും.
പരിപാടിയുടെ ഭാഗമായി രാവിലെ 9.30ന് സഹകരണസംഘം രജിസ്ട്രാറും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ ടി.വി. സുഭാഷ് പതാക ഉയർത്തും. തുടർന്നു നടക്കുന്ന സെമിനാറിൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ അധ്യക്ഷനാകും. സമഗ്ര സഹകരണ നിയമഭേദഗതി എന്ന വിഷയത്തിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ അഡ്വ. ബി. അബ്ദുള്ള അവതരണം നടത്തും. ഉച്ചകഴിഞ്ഞു രണ്ടുമണിക്കു നടക്കുന്ന സെമിനാറിൽ കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥ് അധ്യക്ഷനായിരിക്കും. സഹകരണ വായ്പാ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടർ ബി.പി. പിള്ള അവതരണം നടത്തും.