കോട്ടയം: രാജേഷിന്റെയും അജിമോന്റെയും കാവൽ കരുതലായതോടെ കൊല്ലം കൊട്ടാരക്കരയിൽ നിന്നും കാണാതായ 64 വയസുകാരനെ കണ്ടെത്തിയത് തിരുനക്കരയിൽ നിന്നും. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ വെൺമണ്ണൂർ റാഫില മൻസിലിൽ യഹിയയെയാണ് (64) കോട്ടയം ട്രാഫിക് പൊലീസ് സംഘം കണ്ടെത്തിയത്. കോട്ടയം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അജിമോന്റെയും, സിവിൽ പൊലീസ് ഓഫിസർ രാജേഷ് എബ്രഹാമിന്റെയും ജാഗ്രതയാണ് യഹിയയെ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ജനുവരി മുതലാണ് യഹിയയെ കാണാതായത്. ഇയാളെ കാണാതെ വന്നതോടെ ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, ഇന്നു രാവിലെ കൊട്ടാരക്കര പൊലീസ് യഹിയയെ കണ്ടെത്താൻ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെ കോട്ടയം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്ഐ അജിമോനും, സിവിൽ പൊലീസ് ഓഫിസർ രാജേഷ് എബ്രഹാമും കോട്ടയം നഗരത്തിലൂടെ ബൈക്കിൽ പെട്രോളിംങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് തിരുനക്കര നഗരമധ്യത്തിൽ എസ്.ബി.ഐയ്ക്ക് സമീപം ലോട്ടറി വിൽപ്പന നടത്തുന്നയാളെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, ഇയാളെ വിളിച്ചു നിർത്തി പരിശോധിച്ചപ്പോഴാണ് പത്രത്തിൽ പരസ്യം നൽകിയ ആളോട് സാമ്യമുള്ളതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം ഇയാളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ഇതോടെ കാണാതായ യഹിയയാണ് ഇത് എന്ന് പൊലീസ് സംഘം തിരിച്ചറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിന് ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി. ബന്ധുക്കൾ സ്ഥലത്ത് എത്തിയ ശേഷം യഹിയയാണ് എന്നു തിരിച്ചറിയുകയും ഇയാളെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. കാണാതായതിന് പൊലീസ് കേസെടുത്തതിനാൽ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് ഒപ്പം വിട്ടയയ്ക്കും.