തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ശനിയാഴ്ച തലസ്ഥാനത്ത് എത്തിക്കും. രാവിലെ 7 മണിയോടെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. പട്ടത്തെ സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ഞായറാഴ്ച കോട്ടയം വാഴൂരിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ രോഗവും അണുബാധയും മൂലം കാനം രാജേന്ദ്രന്റെ വലത് കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു. ഇതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നുവൈകിട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. ഇത് ദേശീയ നേതൃത്വം പരിഗണിക്കുന്നതായി രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ രണ്ട് ടേമുകളിലായി സിപിഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്നതൊക്കെ പ്രചാരണം ആണെന്നും അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാര്‍ട്ടി ആലോചിക്കുമെന്നും അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു.1950 നവംബര്‍ പത്തിന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന് ജനിച്ചത്. എ ഐ വൈ എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 23ാം വയസില്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. എ ബി ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു.1982ലും 87ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം പൂര്‍ണമായും സംഘനാരംഗത്തേയ്ക്ക് മാറിയ കാനം 2015ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി.