കോട്ടയം : സിപിഐ പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി ഭാരത് മാതാവിൻ്റെ ചിത്രം അടങ്ങിയ പോസ്റ്റർ രൂപകല്പന ചെയ്യാൻ തയ്യാറായ കോട്ടയം ജില്ലാ നേതൃത്വത്തെയും നേതാക്കളെയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് എൻ. ഹരി. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പരിസ്ഥിതി ചടങ്ങ് ബഹിഷ്കരിച്ച് വിവാദമാക്കിയ പാർട്ടി നേതാക്കൾക്കുള്ള മറുപടിയാണ് ഇതെന്ന് വിശ്വസിക്കുന്നു. ദേശീയതയും ദേശീയ യുടെ മുഖമായ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സും തിരിച്ചറിവുമാണ് അക്ഷരനഗരിയായ കോട്ടയത്ത് കണ്ടത്.ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി കാണുന്നു.
രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ പറഞ്ഞത് കാവി കൊടിയേന്തിയ ഭാരത് മാതാവ് ആയതിനാൽ എന്ന അർത്ഥത്തിലാണ്. ദിവസങ്ങൾക്ക് ശേഷം കോട്ടയത്ത് ത്രിവർണ്ണ പതാകയുമായി ഭാരതാംബ സിപിഐ പോസ്റ്ററിൽ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ഒരു പോസ്റ്റർ പിൻവലിച്ച് പത്രമാധ്യമങ്ങളോട് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാർട്ടിക്ക് ഉണ്ടായി എന്നതിലാണ് ഖേദം..എങ്കിലും അത്തരത്തിലുള്ള ചിത്രം ഉൾക്കൊള്ളാൻ വിശാലമായ മനസ്സ് പാർട്ടി നേതാക്കൾക്കുണ്ടായതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരതത്തിൻ്റെ ഏറ്റവും പവിത്രമായ സങ്കല്പത്തെ ആദരിക്കാൻ മനസ്സ് കാണിച്ച സിപിഐ ജില്ലാ നേതൃത്വത്തെ അഭിനന്ദിക്കുകയാണ്.പക്ഷേ നിമിഷങ്ങൾക്കകം വലിയേട്ടനെ ഭയന്ന് പിൻവലിച്ചത് പാർട്ടിയുടെ അസ്ഥിത്വം പണയം വയ്ക്കുന്നതിനു തുല്യമായി. എങ്കിലും ദേശീയതയിലേക്കും ദേശസ്നേഹത്തിലേക്കും സിപിഎമ്മിന്റെ തടവറയിൽ നിന്നും സിപിഐ എത്തുന്നു എന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്.ദേശീയബോധമുള്ള ദേശസ്നേഹികളുടെ കൂട്ടായ്മയിലേക്ക് അസ്വാതന്ത്ര്യം അനുഭവിക്കുന്ന സിപിഐ നേതാക്കൾക്ക് കടന്നുവരാം.
പിറന്നുവീണ നാടിൻറെ പാരമ്പര്യത്തെയും പൈതൃകത്തെയും ഉൾക്കൊള്ളാനുള്ള മനസ്സ് സഖാക്കൾക്ക് ഉണ്ടായി എന്നത് വലിയ നീക്കത്തിന്റെ തുടക്കമായി കാണുന്നു.
സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തിൻറെ നേതാക്കളെല്ലാം തന്നെ ഭാരത് മാതാ കി ജയ് എന്ന് അഭിമാനത്തോടെ വിളിച്ചിരുന്നു. എന്നാൽ ഇന്ന് ഭാരത് മാതാവ് എന്ന് ഉച്ചരിക്കാൻ പോലും ഭയപ്പെടുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് ഈ ഭയം. എന്നാൽ ധൈര്യമായി മുന്നോട്ടു പോകണം. കോട്ടയം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ ദേശീയതയിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും സ്വാഗതം ചെയ്യുന്നു.
നിർഭരായി കടന്നുവരൂ സഖാക്കളെ..നട്ടെല്ല് പണയപ്പെടുത്താതെ എത്രയും വേഗം ചെങ്കുപ്പായം ഉപേക്ഷിച്ചു കടന്നു വരണം.
അഭിപ്രായ സ്വാതന്ത്ര്യം പ്രവർത്തനങ്ങളും കൂച്ചുവിലങ്ങിടുന്നു. ഇത്തരമൊരു വിഷയം ഉയർന്നപ്പോൾ സിപിഐക്ക് നട്ടെല്ലോ ടെ പ്രതികരിക്കാമായിരുന്നു. എന്നാൽ അതിനുപകരം മറ്റൊരു സംഘടന നേതാവിനെ കൊണ്ട് പ്രതികരിപ്പിച്ചത് സിപി എന്ന സംഘടനയുടെ നിലവാര തകർച്ചയാണ് കാണുന്നത്. സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന പശുവായി സിപിഐ തരംതാണിരിക്കുന്നു.
ത്രിവർണ്ണ പതാകയേന്തിയ ഭാരതാംബ ഒരു പുതിയ സങ്കല്പമാണ്. ഭാരതം എന്ന വിശാലമായ രാജ്യം നമ്മളുടെ പൂർവ്വസൂരികളുടെ സംഭാവനയാണ്. അന്നുമുതൽ ഭാരതാംബ എന്ന ഈ രാജ്യത്തിൻറെ മാതൃ സങ്കല്പം നിലവിലുണ്ട്. ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്ന നേതാക്കളും സ്വാമി വിവേകാനന്ദനും ആ സങ്കല്പത്തെ ബഹുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.